സില്‍വര്‍ലൈന്‍ കുറ്റിനാട്ടിയതോടെ ബാങ്കുകാരുടെ മട്ടുമാറി. ഭൂമി ഈടായി നല്‍കാന്‍ ഏതിര്‍പ്പില്ലെന്ന സര്‍ട്ടിഫിക്കറ്റ് വില്ലേജില്‍ നിന്ന് വേണമെന്നാണ് ബാങ്കുകളുടെ ആവശ്യം. ഇതു നല്‍കാനാണെങ്കില്‍ റവന്യുവകുപ്പ് തയാറുമല്ല.

എറണാകുളം അങ്കമാലിയില്‍ കെ റെയില്‍ പദ്ധതിക്കായി കുറ്റിയിട്ട പ്രദേശങ്ങളിലെ നാട്ടുകാര്‍ക്ക് ബാങ്കുകള്‍ ലോണ്‍ നിഷേധിക്കുന്നതായി പരാതി. വില്ലേജ് ഓഫീസറുടെ അനുമതി പത്രമുണ്ടെങ്കില്‍ മാത്രമെ ലോണ്‍ നല്‍കുവെന്ന് ബാങ്കുകള്‍ നിലപാടെടുത്തതോടെ നൂറുകണക്കിന് ആളുകളാണ് ബുദ്ധിമുട്ടിലായിരിക്കുന്നത്. അനുമതി പത്രം നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശമില്ലെന്നാണ് റവന്യുവകുപ്പിന്‍റെ വിശദീകരണം.

പുളിയനം സ്വദേശിയായ പൗലോസ് പുതിയ വീടുപണിയാൻ പഴയത് പൊളിച്ചു മാറ്റിയത് സില്‍വന്‍ ലൈന്‍ സര്‍വെ തുടങ്ങും മുമ്പാണ്. ലോണ്‍ നല്‍കുമെന്ന ബാങ്കിന്‍റെ ഉറപ്പുകേട്ടാണ് പൊളിച്ചത്. സില്‍വര്‍ലൈന്‍ കുറ്റിനാട്ടിയതോടെ ബാങ്കുകാരുടെ മട്ടുമാറി. ഭൂമി ഈടായി നല്‍കാന്‍ ഏതിര്‍പ്പില്ലെന്ന സര്‍ട്ടിഫിക്കറ്റ് വില്ലേജില്‍ നിന്ന് വേണമെന്നാണ് ബാങ്കുകളുടെ ആവശ്യം. ഇതു നല്‍കാനാണെങ്കില്‍ റവന്യുവകുപ്പ് തയാറുമല്ല

ഇത് പൗലോസിന്‍റെ മാത്രം പ്രശ്നമല്ല. സില്‍വര്‍ ലൈനിനായി സര്‍വെ നടത്തി കല്ലൂനാട്ടിയ മിക്കയിടങ്ങളിലുമുണ്ട് ഇതെ പ്രതിസന്ധി. ഈ വിഷയത്തില്‍ സര്‍ക്കാര്‍ ഒരു കൃത്യത വരുത്തണമെന്നാണ് സമരസമിതിയുടെ ആവശ്യം. ഒന്നുകില്‍ പദ്ധതി പ്രദേശത്തെ ആളുകള്‍ക്ക് ലോണ്‍ നൽകുന്നതിന് തടസമില്ലെന്ന ഉത്തരവ് സര്‍ക്കാർ പുറത്തിറക്കണം. അല്ലെങ്കില്‍ എതിര്‍പ്പില്ലെന്ന സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ വില്ലേജ് ഓഫീസര്‍മാർക്ക് നിര്‍ദ്ദേശം നല്‍കണം. രണ്ടും നടന്നില്ലെങ്കില്‍ റവന്യു ഓഫീസുകള്‍ക്ക് മുന്നിലേക്ക് സമരം നീട്ടുന്ന കാര്യം സമരസമിതികള്‍ ആലോചിക്കുന്നുണ്ട്.