പരിക്കേറ്റ വേലായുധൻ തന്നെ വീട്ടിൽ നിന്ന് പുറത്തിറങ്ങി അയൽവാസിയെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ സ്ഥലത്തെത്തി. 

കോഴിക്കോട്: വീടിന് മുകളിലേക്ക് ഭീമന്‍ ആല്‍മരം വീണ് മൂന്ന് പേര്‍ക്ക് പരിക്ക്. രാമനാട്ടുകര കാരാട് തിരുത്തിമ്മല്‍ വേലായുധന്റെ വീടിനു മുകളിലേക്കാണ് ആല്‍മരം കടപുഴകി വീണത്. ഇന്ന് പുലര്‍ച്ചെയോടെയാണ് സംഭവം. വേലായുധന്‍, ഭാര്യ ബേബി, മകന്‍ ഷിന്‍ജിത് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ രണ്ടു പേരുടെ നില ഗുരുതരമാണ്.

കാരാട് തിരുത്തുമ്മല്‍ ക്ഷേത്രത്തിലെ ഏഴു മീറ്ററോളം ചുറ്റളവുള്ള ആല്‍മരമാണ് പുലര്‍ച്ചെ ഒന്നരയോടെ വീടിന് മുകളിലേക്ക് കടപുഴകി വീണത്. പരിക്കേറ്റ വേലായുധന്‍ തന്നെ വീട്ടില്‍ നിന്ന് പുറത്തിറങ്ങി അയല്‍വാസിയെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പ്രദേശവാസികള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. വാതില്‍ ചവിട്ടിപ്പൊളിച്ചാണ് പരിക്കേറ്റ മറ്റുള്ളവരെ വീട്ടില്‍ നിന്ന് നാട്ടുകാർ പുറത്തെടുത്തത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആല്‍ മരമാണ് കടപുഴകി വീണതെന്ന് നാട്ടുകാര്‍ പറയുന്നു. മരത്തിന്റെ ചില്ല ഭീഷണി ഉയർത്തിയിരുന്നതിനാല്‍ നേരത്തേ തന്നെ വെട്ടിമാറ്റിയിരുന്നു. ആല്‍മരത്തോടൊപ്പം തന്നെ സമീപത്തായുണ്ടായിരുന്ന തെങ്ങും മാവും കടപുഴകി വീണിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം