മലപ്പുറം ചുള്ളിയോട് നാട്ടക്കല്ലിൽ കരടിയെത്തി കർഷകന്റെ തേൻപെട്ടികൾ നശിപ്പിച്ചു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായാണ് കരടി പുലര്‍ച്ചെ മൂന്നോടെ കൃഷിയിടത്തിലെത്തി തേന്‍പെട്ടികള്‍ നശിപ്പിച്ചു തേന്‍ ഭക്ഷിച്ചുപോയത്.

മലപ്പുറം: ചുള്ളിയോട് നാട്ടക്കല്ലില്‍ തേന്‍പെട്ടികള്‍ തേടി കരടിയെത്തി. ഒരിടവേളക്ക് ശേഷമാണ് അമരമ്പലത്തെ ഗ്രാമീണ പ്രദേശങ്ങളില്‍ വീണ്ടും കരടി സാന്നിധ്യമറിയിക്കുന്നത്. ചുള്ളിയോട് നാട്ടക്കല്ല് കരിമ്പനക്കല്‍ മുഹമ്മദിന്റെ കൃഷിയിടത്തിലെത്തിയ കരടി നിരവധി തേന്‍പെട്ടികള്‍ നശിപ്പിച്ചു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായാണ് കരടി പുലര്‍ച്ചെ മൂന്നോടെ കൃഷിയിടത്തിലെത്തി തേന്‍പെട്ടികള്‍ നശിപ്പിച്ചു തേന്‍ ഭക്ഷിച്ചുപോയത്. 24ഓളം തേന്‍പെട്ടികളാണ് ഇവിടെ കരടി നശിപ്പിച്ചത്. ഏകദേശം ഒന്നരല ക്ഷത്തോളം രൂപയുടെ നഷ്ടമാണ് കര്‍ഷകനുണ്ടായത്. 

മുഹമ്മദിന്റെ എക വരുമാന മാര്‍ഗമാണ് ഇതോടെ ഇല്ലാതായത്. ചക്കിക്കുഴി വനം വകുപ്പ് ഓഫീസില്‍ നിന്ന് ഉദ്യോഗസ്ഥര്‍ വന്ന് പരിശോധന നടത്തി ആവശ്യമായ നടപടി എടുക്കാമെന്ന് അറിയിച്ചു. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് തേള്‍പ്പാറ, പുഞ്ച, പ്രദേശങ്ങളില്‍ കരടി ശല്യം രൂക്ഷമായതിനെത്തുട‌‌ർന്ന് കൂട് വെച്ചിരുന്നെങ്കിലും പിടികൂടാനായിരുന്നില്ല. കരടിയെ കൂടുവെച്ച് പിടികൂടാന്‍ നടപടി സ്വീകരിക്കുകയും കര്‍ഷകന് ഉചിതമായ നഷ്ടപരിഹാരം നല്‍കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.