മലക്കപ്പാറ വാല്‍പ്പാറയില്‍ കരടിയാക്രമണം രൂക്ഷം. വ്യാഴാഴ്ച തേയിലത്തോട്ടം തൊഴിലാളിക്ക് നേരെയും വീടിന് മുന്നിലും കരടിയെത്തി. ഒരു മാസം മുൻപ് ആറുവയസ്സുകാരൻ കൊല്ലപ്പെട്ട പ്രദേശത്ത് തോട്ടം തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ കടുത്ത ഭീതിയിലാണ്.

തൃശൂർ: മലക്കപ്പാറ വാല്‍പ്പാറയില്‍ കരടിയാക്രമണം ജനജീവിതം ദുസഹമാക്കുന്നു. വ്യാഴാഴ്ച രണ്ടിടത്താണ് കരടി ജനവാസ കേന്ദ്രത്തിലെത്തിയത്. വാല്‍പ്പാറ താഴെ പറളി ഇന്‍ഡസ്ട്രിയല്‍ റോഡിന് സമീപമാണ് കരടിയെത്തിയത്. തേയില തോട്ടത്തില്‍ ജോലി നോക്കുന്നവര്‍ക്ക് നേരെ കരടി പാഞ്ഞടുത്തു. കുട കൊണ്ട് പ്രതിരോധിച്ച ജീവനക്കാരന്‍ ഭാഗ്യം കൊണ്ട് കരടിയാക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടു. ഇതിന് കുറച്ചകലെ ഇ എല്‍ പാടിയില്‍ ഡാനിയേലിന്റെ വീടിന് മുന്നില്‍ കരടിയെത്തി. വീട്ടുകാര്‍ ബഹളം വച്ചതിനെ തുടര്‍ന്ന് കരടി ഓടിമറിയുകയും ചെയ്തു. ഒരു മാസം മുമ്പാണ് വാല്‍പ്പാറയില്‍ ആറുവയസ്സുകാരനെ കരടി ആക്രമിച്ച് കൊലപ്പെടുത്തിയത്. വാല്‍പ്പാറയില്‍ തോട്ടം തൊഴിലാളികളടക്കമുള്ളവര്‍ കരടി ആക്രമണ ഭീഷണിയിലാണ്. തോട്ടം തൊഴിലാളികളാണ് കൂടുതലായും കരടിയുടെ ആക്രമണത്തിനിരയാകുന്നത്.