Asianet News MalayalamAsianet News Malayalam

മന്ത്രി റിയാസിന്‍റെ വാക്ക് വിശ്വസിച്ച ജനം ഇപ്പോഴും പൊടി തിന്നുന്നു; 3 വര്‍ഷം കഴിഞ്ഞിട്ടും പണി തീരാതെ ഈ റോഡ്

രണ്ടാം ഇടതുസര്‍ക്കാര്‍ അധികാരിത്തിലേറി അധികം വൈകുംമുമ്പ് തന്നെ പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് വയനാട്ടിലെത്തിയപ്പോള്‍ ബീനാച്ചി-പനമരം റോഡിന്റെ പ്രവൃത്തി വിലയിരുത്താനെത്തിയിരുന്നു. നാട്ടുകാര്‍ രൂപീകരിച്ച ആക്ഷന്‍ കമ്മിറ്റിയുടെ നിരന്തര ആവശ്യപ്രകാരമായിരുന്നു ഇത്. 

Beenachi Panamaram road not completed even after minister riyas ensured strict action
Author
Beenachi, First Published Jan 26, 2022, 11:03 PM IST

കല്‍പ്പറ്റ: മൂന്ന് വര്‍ഷം പിന്നിട്ടിട്ടും ഇനിയും പണി തീര്‍ക്കാതെ പനമരം-ബീനാച്ചി റോഡ് നാട്ടുകാര്‍ക്കും വാഹന യാത്രികര്‍ക്കും ഒരു പോലെ ദുരിതമാകുന്നു. പുനരുദ്ധാരണ പ്രവൃത്തി തുടങ്ങി മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും റോഡ് പണി ഇഴയുമ്പോള്‍ പൊടിതിന്ന് മടുത്തിരിക്കുകയാണ് നാട്ടുകാര്‍. റോഡിന് ഇരുവശവുമുള്ള തോട്ടങ്ങളിലും കെട്ടിടങ്ങളിലുമെല്ലാം പൊടിയടിഞ്ഞ് കൂടി കിടക്കുകയാണിപ്പോള്‍. രണ്ടാം ഇടതുസര്‍ക്കാര്‍ അധികാരിത്തിലേറി അധികം വൈകുംമുമ്പ് തന്നെ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് വയനാട്ടിലെത്തിയപ്പോള്‍ ബീനാച്ചി-പനമരം റോഡിന്റെ പ്രവൃത്തി വിലയിരുത്താനെത്തിയിരുന്നു. നാട്ടുകാര്‍ രൂപീകരിച്ച ആക്ഷന്‍ കമ്മിറ്റിയുടെ നിരന്തര ആവശ്യപ്രകാരമായിരുന്നു ഇത്. 

അന്ന് റോഡിന്റെ അവസ്ഥ കണ്ട മന്ത്രി കരാറുകാരും ഉദ്യോഗസ്ഥരുമായി സംസാരിച്ച് പ്രവൃത്തി ഉടന്‍ തീര്‍ക്കുമെന്ന് പറഞ്ഞാണ് പോയതെങ്കിലും മാസങ്ങള്‍ പിന്നിട്ടിട്ടും പഴയ പടി തുടരുകയാണ് കരാറുകാരന്‍ ചെയ്തത്. ഈറോഡ് ആസ്ഥാനമായുള്ള ആര്‍.എസ് ഡെവലപ്‌മെന്റ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് റോഡ് പണി കരാറെടുത്തിരിക്കുന്നത്. കിഫ്ബിയില്‍ നിന്ന് 52 കോടി രൂപ മുടക്കി 2019 ലാണ് പ്രവൃത്തി തുടങ്ങിയത്. എന്നാല്‍ പണി തീര്‍ക്കേണ്ട കാലാവധി നീട്ടി നല്‍കി കരാറുകാരെ സംരക്ഷിക്കുന്ന നടപടിയാണ് അധികൃതര്‍ സ്വീകരിക്കുന്നതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. 22.2 കിലോമീറ്റര്‍ റോഡ് നിര്‍മാണം പൂര്‍ത്തീകരിക്കേണ്ടത് 2020 ജൂണിലായിരുന്നുവെങ്കില്‍ 2022 പിറന്ന് ഒരു മാസം കഴിയാറായിട്ടും എപ്പോള്‍ തീരുമെന്ന് കരാറുകാരന് പോലും പറയാനാവാത്ത അവസ്ഥയാണ് നിലവിലുള്ളത്. 

ദിവസവും പണി നടക്കുന്നുണ്ടെങ്കിലും പത്ത് പണിക്കാര്‍ പോലും തികച്ചില്ലാതെയാണ് പ്രവൃത്തി മുന്നോട്ടുകൊണ്ട് പോകുന്നതെന്നാണ് ആക്ഷേപം. അതിനാല്‍ തന്നെ 40% പോലും പൂര്‍ത്തീകരിച്ചില്ലെന്നു മാത്രമല്ല കരാറുകാരന്റെ ആവശ്യമനുസരിച്ച് കാലാവധി നീട്ടി നല്‍കുക കൂടി ചെയ്യുകയാണ്. വേനല്‍ കടുത്തതോടെ മൂന്നാനക്കുഴി മുതല്‍ ബീനാച്ചി വരെയുള്ള ഭാഗത്തെ റോഡിനോടു ചേര്‍ന്നുള്ള കുടുംബങ്ങളും ഇരുചക്രവാഹനയാത്രികരും പൊടി തിന്നു മടുക്കുകയാണ്. വലിയ വാഹനങ്ങള്‍ പോയാല്‍ റോഡില്‍ ഉയരുന്ന പൊടി കാരണം എതിരെ വരുന്ന വാഹനങ്ങള്‍ കാണാന്‍ കഴിയാത്ത സ്ഥിതിയുമുണ്ടെന്നതാണ് ഇരുചക്രവാഹന യാത്രികര്‍ നേരിടുന്ന മറ്റൊരു പ്രശ്‌നം. 

ചിലരെങ്കിലും പൊടിശല്യം മൂലം വീട് ഉപേക്ഷിച്ച് സ്ഥലം മാറി വാടകക്ക് താമസിക്കുന്നവരുമുണ്ട്. പൊടിശല്യം നിയന്ത്രിക്കാന്‍ വെളളം നനയ്ക്കണമെന്ന വ്യവസ്ഥയുണ്ടെങ്കിലും ഇതൊന്നും കരാറുകാരന്‍ പലപ്പോഴും പാലിക്കുന്നില്ലെന്നതാണ് സത്യമെന്ന് പ്രദേശവാസികള്‍ പറയുന്നു. ജനങ്ങളെ ദുരിതത്തിലാക്കി പണി വൈകിപ്പിക്കുന്ന കരാര്‍ കമ്പനിക്കെതിരെ അധികൃതര്‍ നടപടിയെടുക്കാത്തതിനെ തുടര്‍ന്ന് ജനകീയ സമിതിയടക്കമുള്ള സംഘടനകള്‍ ഒട്ടേറെ സമരങ്ങള്‍ നടത്തിയെങ്കിലും നടപടിയുണ്ടായില്ല. ഇതിനിടെ കിഫ്ബി ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ ഗുരുതരമായ ന്യൂനതകള്‍ കണ്ടെത്തിയിരുന്നു. ന്യൂനതകള്‍ പരിഹരിക്കണമെന്ന അധികാരികളുടെ ആവശ്യം അംരീകരിക്കാത്ത കരാറുകാരനെ വിലക്കാനും പുതിയ ടെന്‍ഡര്‍ വിളിക്കാനും നീക്കമുണ്ടെന്നുമാണ് പുതിയ വിവരം.

Follow Us:
Download App:
  • android
  • ios