കഞ്ചാവും ബ്രൗൺഷുഗറുമായി ബംഗാൾ സ്വദേശി അറസ്റ്റിൽ. വിഴിഞ്ഞം, കോവളം മേഖലയിലുള്ള വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികൾക്ക് വിൽപ്പനയ്ക്കും വിതരണത്തിനുമാണ് മയക്കുമരുന്നുകളെത്തിച്ചതെന്ന് എക്സൈസ് പറഞ്ഞു.

തിരുവനന്തപുരം: വിഴിഞ്ഞത്ത് കഞ്ചാവും ബ്രൗൺഷുഗറുമായി ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ. പശ്ചിമ ബംഗാൾ സ്വദേശി ബുളറ്റ് മണ്ഡലിനെ (32) ആണ് 7.1 ഗ്രാം ബ്രൗൺഷുഗറും 20 ഗ്രാം കഞ്ചാവുമായി എക്‌സൈസിന്റെ നെയ്യാറ്റിൻകര സർക്കിൾ ഓഫീസ് ഉദ്യോഗസ്ഥർ പിടികൂടിയത്. മോഷ്ടിച്ചെടുത്ത ആറ് മൊബൈൽ ഫോണുകളും ഇയാളിൽ നിന്നും കണ്ടെടുത്തു. കെട്ടിടനിർമാണ തൊഴിലാളിയെന്ന് പറയപ്പെടുന്ന ഇയാൾ വിഴിഞ്ഞം, കോവളം മേഖലയിലുള്ള വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികൾക്ക് വിൽപ്പനയ്ക്കും വിതരണത്തിനുമാണ് മയക്കുമരുന്നുകളെത്തിച്ചതെന്ന് എക്സൈസ് പറഞ്ഞു. ബ്രൗൺഷുഗറിന് 30000 രൂപയും കഞ്ചാവിന് 3000 രൂപയും വിലവരും. കോവളം ഭാഗത്ത് നിന്ന് കഴിഞ്ഞദിവസം വളരെ കുറഞ്ഞ അളവിൽ ബ്രൗൺ ഷുഗറുമായി ഒരു യുവാവിനെ എക്സൈസ്‌ സംഘം പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് ബുളറ്റ് മണ്ഡലിനെ വിഴിഞ്ഞം ഹാർബർ റോഡിൽനിന്ന് ഇന്നലെ രാത്രി 9.30-ഓടെ പിടികൂടിയത്. എക്സൈസ് കേസെടുത്തു.