തിരുവോണ ദിവസം കൊല്ലങ്കോട് ബെവ്കോ മദ്യശാലയിൽ നടന്ന മോഷണ കേസിലെ മുഖ്യപ്രതി ശിവദാസനെ പോലീസ് പിടികൂടി. രണ്ടാം പ്രതി രവിയുടെ അറസ്റ്റ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. മൂന്നാം പ്രതി രമേഷിനായുള്ള അന്വേഷണം തുടരുന്നു.

പാലക്കാട് : തിരുവോണ ദിവസം പാലക്കാട് കൊല്ലങ്കോട് ബെവ്കോ മദ്യശാലയിൽ നടന്ന മോഷണ കേസിലെ മുഖ്യപ്രതി കസ്റ്റഡിയിൽ. മോഷണം ആസൂത്രണം ചെയ്ത കൊല്ലങ്കോട് സ്വദേശി ശിവദാസനെയാണ് പോലീസ് പിടികൂടിയത്. ഇയാളെ പോലീസ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്താനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത രണ്ടാം പ്രതിയായ കൊല്ലങ്കോട് നെന്മേനി സ്വദേശി രവിയുടെ (53) അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. കസ്റ്റഡിയിലെടുക്കുമ്പോൾ അമിതമായി മദ്യപിച്ചതിനാൽ ഇയാൾ പരസ്പര വിരുദ്ധമായാണ് സംസാരിച്ചതെന്ന് പോലീസ് അറിയിച്ചു. ചോദ്യം ചെയ്യൽ തുടരുകയാണെന്ന് കൊല്ലങ്കോട് പോലീസ് വ്യക്തമാക്കി. കേസിലെ മറ്റൊരു പ്രതിയായ കൊല്ലങ്കോട് സ്വദേശി രമേഷിനായി അന്വേഷണം ഊർജിതമാക്കിയെന്നും പോലീസ് അറിയിച്ചു.

തിരുവോണ ദിവസം പുലർച്ചെ 2.30 നാണ് മൂന്നംഗ സംഘം കൊല്ലങ്കോട്ടെ ബെവ്കോയുടെ പ്രീമിയം മദ്യശാലയിലെത്തിയത്. പിൻവശത്തെ ഒഴിഞ്ഞ പറമ്പിൻറെ മതിൽ ചാടിക്കടന്ന് അകത്തേക്ക്. ഒരാൾക്ക് അകത്തേക്ക് പ്രവേശിക്കാനാവും വിധം ഔട്ട്ലെറ്റിൻറെ ചുമർ പൊളിച്ചു. കൊല്ലങ്കോട് പഴലൂർമുക്ക് സ്വദേശി രവി അകത്തേക്ക് കടന്നു. പുറത്തു നിൽക്കുകയായിരുന്ന മറ്റു രണ്ടു പ്രതികൾക്ക് മദ്യക്കുപ്പികൾ ചാക്കുകളിലാക്കി ഘട്ടം ഘട്ടമായി കൈമാറി. രാവിലെ 7.30 നാണ്. അവസാന ചാക്കുമെടുത്ത് മോഷ്ടാവ് പുറത്തുകടന്നത്. 

അഞ്ചു മണിക്കൂർ കൊണ്ട് പത്തിലധികം ചാക്കുകളിലാണ് വിവിധ ബ്രാൻഡ് മദ്യക്കുപ്പികൾ മോഷ്ടാക്കൾ പുറത്തെത്തിച്ചത്. മോഷ്ടിച്ച രണ്ടു ചാക്കുകൾ ഔട്ട്ലെറ്റിൻ്റെ പിൻഭാഗത്ത് ഉപേക്ഷിച്ചു പോയതായും പൊലീസ് കണ്ടെത്തി. തിരുവോണനാളിൽ കരിഞ്ചന്തയിലെ വിൽപ്പന ലക്ഷ്യമിട്ടാണ് മോഷണം നടത്തിയതെന്ന് നിഗമനം. പൊലീസ് സാന്നിധ്യത്തിൽ ബെവ്കോ ഉദ്യോഗസ്ഥർ സ്റ്റോക്ക് പരിശോധിച്ചു. മൂന്ന് ലക്ഷത്തോളം രൂപയുടെ മദ്യം മോഷണം പോയെന്നാണ് പ്രാഥമിക കണ്ടെത്തൽ.