ഈ വീട് കേന്ദ്രീകരിച്ച് വലിയ രീതിയിൽ കഞ്ചാവ് എത്തിച്ച് വിൽപന നടത്തുന്ന സംഘമാണ് ഇപ്പോൾ പിടിയിലായിരിക്കുന്നത്.  

പത്തനംതിട്ട: പത്തനംതിട്ട നഗരത്തിൽ വൻ കഞ്ചാവ് വേട്ട. വാടക വീട് കേന്ദ്രീകരിച്ച് വില്പനയ്ക്കെത്തിച്ച നൂറ് കിലോ കഞ്ചാവ് ആണ് രഹസ്യ നീക്കത്തിലൂടെ പൊലീസ് നർക്കോട്ടിക് വിഭാഗം പിടികൂടിയത്. അറസ്റ്റിലായ മൂന്ന് പേരിൽ നിന്ന് എംഡിഎംഎയും കണ്ടെടുത്തു. ജില്ലയിലെ ഏറ്റവും വലിയ ലഹരി വേട്ടയാണ് പൊലീസ് ഡാൻസാഫ് സംഘം നടത്തിയത്. നഗരത്തോട് ചേർന്ന മണ്ണാറമലയിലെ വാടക വീട് കേന്ദ്രീകരിച്ചായിരുന്നു വില്പന.

ആളൊഴിഞ്ഞ മേഖലയിലെ വീട് കണ്ടെത്തി സ്വകാര്യ ആവശ്യത്തിന് എന്ന വ്യാജേന പ്രതികൾ വാടകയ്ക്ക് എടുത്തു. ഇവിടേക്ക് വൻ തോതിൽ കഞ്ചാവ് എത്തിച്ചു. പായ്ക്കറ്റുകളാക്കിയ നൂറ് കിലോ കഞ്ചാവാണ് പിടികൂടിയത്. തിരുവല്ല സ്വദേശി ജോയൽ പി. കുര്യൻ, ആനപ്പാറ സ്വദേശി സലീം, മുണ്ടുകോട്ടയ്ക്കൽ സ്വദേശി ഉബൈദ് അമീർ എന്നിവരാണ് അറസ്റ്റിലായത്. 

ഇവരിൽ നിന്ന് 300 ഗ്രാമിലധികം എംഡിഎംഎയും കണ്ടെടുത്തു. കഴിഞ്ഞ ദിവസം കോയിപ്രം സ്റ്റേഷൻ പരിധിയിൽ കഞ്ചാവ് വിൽപനക്കാർ പിടിയിലായിരുന്നു. ഇവരിൽ നിന്ന് കിട്ടിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ രഹസ്യ നീക്കമാണ് വൻ ലഹരി വേട്ടിയിലെത്തിച്ചത്. പ്രതികളെ ചോദ്യം ചെയ്യുന്നതിൽ നിന്ന് തെക്കൻ കേരളത്തിലെ മറ്റ് ലഹരി വില്പന സംഘങ്ങളെ കുറിച്ചും വിവരം ലഭിക്കുമെന്നാണ് പ്രതീക്ഷ.

മലപ്പുറത്ത് വൻ കഞ്ചാവ് വേട്ട; സാധനം ആന്ധ്രയിൽ നിന്ന്, ചെറിയ പായ്ക്കറ്റുകളാക്കി വിൽപ്പന, വീട് വളഞ്ഞ് അറസ്റ്റ്

പത്തനംതിട്ട നഗരത്തിൽ വൻ കഞ്ചാവ് വേട്ട