കുട്ടനാട്: അമിത വേഗതയിലെത്തിയ ബൈക്ക് സ്കൂട്ടറില്‍ ഇടിച്ച് സ്കൂട്ടർ യാത്രികരായ അച്ഛനും മകള്‍ക്കും പരിക്ക്. മാങ്കൊമ്പ് തെക്കേക്കര വലിയവീട്ടില്‍ ഡി.രാജു (44), മകള്‍ റോസ്‌മേരി (9) എന്നിവര്‍ക്കാണു പരിക്കേറ്റത്. ഇവരെ ഇടിച്ചിട്ട ബൈക്ക് നിര്‍ത്താതെ പോയി.

ബുധനാഴ്ച വൈകിട്ട് നാലിന് മാങ്കൊമ്പ്–ചമ്പക്കുളം റോഡില്‍ നാലുകെട്ട് ജംഗ്ഷന് സമീപംവെച്ചായിരുന്നു അപകടം. സ്‌കൂൾ വിട്ട്  കുട്ടിയുമായി വീട്ടിലേക്കു പോകവേ രാജുവിന്റെ സ്‌കൂട്ടറില്‍ അമിത വേഗതയിലെത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു.

പരിക്കേറ്റ ഇരുവരേയും ചമ്പക്കുളം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാജുവിന്റെ പരാതിയെ തുടര്‍ന്ന് ബൈക്കുകാരനെക്കുറിച്ച് പുളിങ്കുന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. ബൈക്ക് യാത്രികന്‍ മദ്യപിച്ചിരുന്നതായി രാജു ആരോപിച്ചു.