Asianet News MalayalamAsianet News Malayalam

ബൈക്ക് തെന്നി നീങ്ങിയത് ടോറസിനടിയിലേക്ക്; ചക്രങ്ങള്‍ കയറിയിറങ്ങി, പത്രമിടാൻ പോയ യുവാവിന് ദാരുണാന്ത്യം

റോഡിലെ വളവിൽ ബൈക്കിന്‍റെ നിയന്ത്രണം നഷ്ടമായി തെന്നി മറിയുകയായിരുന്നു. ഈ സമയം എതിർ ദിശയില്‍ നിന്ന് എത്തിയ ടോറസ് ലോറിയുടെ അടിയിലേക്കാണ് ബൈക്ക് തെന്നി നീങ്ങിയത്

bike accident karukachal young man dies btb
Author
First Published Mar 20, 2023, 5:43 PM IST

കോട്ടയം: കോട്ടയം കറുകച്ചാൽ പരുത്തിമൂട്ടിൽ ബൈക്ക് ടിപ്പറിന് അടിയില്‍പ്പെട്ട് പത്രവിതരണക്കാരനായ യുവാവിന് ദാരുണാന്ത്യം. കറുകച്ചാൽ പത്തനാട് പരുത്തിമൂട് പതിയ്ക്കൽ ജിത്തു ജോണിയാണ് മരിച്ചത്. 21 വയസായിരുന്നു. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. തിങ്കളാഴ്ച പുലർച്ചെയാണ് പരുത്തിമൂട് പത്തനാട് റൂട്ടിൽ അപകടം ഉണ്ടായത്. പത്രവിതരണത്തിനായി പോകുകയായിരുന്നു ജിത്തു ജോണി.

ഇതിനിടെ റോഡിലെ വളവിൽ ബൈക്കിന്‍റെ നിയന്ത്രണം നഷ്ടമായി തെന്നി മറിയുകയായിരുന്നു. ഈ സമയം എതിർ ദിശയില്‍ നിന്ന് എത്തിയ ടോറസ് ലോറിയുടെ അടിയിലേക്കാണ് ബൈക്ക് തെന്നി നീങ്ങിയത്. ടോറസ് ലോറിക്ക് അടിയിലേക്ക് വീണ ജിത്തുവിന്‍റെ ശരീരത്തിലൂടെ ലോറിയുടെ ചക്രങ്ങൾ കയറിയിറങ്ങി. ജിത്തുവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തെ തുടർന്നു ലോറി പൊലീസ് കസ്റ്റഡിയിൽ എടുത്തു.

ജിത്തുവിന്റെ പിതാവ് ജോണി. മാതാവ് പരേതയായ കുഞ്ഞുമോൾ. സഹോദരൻ ജെറിൻ (ജോമോൻ പി ജെ). സംസ്‌കാരം മാർച്ച് 21 ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടിന് എടവെട്ടാർ ബിലീവേഴ്‌സ് ചർച്ച് സെമിത്തേരിയിൽ നടത്തും. അതേസമയം, സംസ്ഥാനത്ത് ഇരുചക്ര വാഹനാപകടങ്ങള്‍ കൂടി വരുന്നതായി റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. പത്ത് വര്‍ഷത്തിനിടെ നടന്ന അപകടങ്ങളില്‍ 60 ശതമാനവും ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെട്ട അപകടങ്ങളാണെന്നാണ് കണക്കുകള്‍.

സംസ്ഥാന ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം  അമിത വേഗതയാണ് 2022 ലെ 57 ശതമാനം അപകടങ്ങള്‍ക്കും കാരണം. ഡ്രൈവര്‍മാരുടെ അശ്രദ്ധ, തെറ്റായ ദിശയില്‍ വാഹനമോടിക്കുക, മദ്യപിച്ച് വാഹനമോടിക്കുക, റോഡിന്റെ ശോചനീയാവസ്ഥ തുടങ്ങിയവയാണ് അപകടങ്ങളുടെ പ്രധാന കാരണങ്ങള്‍. സംസ്ഥാനത്ത് 2019 ല്‍ 1776 ഉം 2020 ല്‍ 1239 ഉം 2021 ല്‍ 1390 ഉം പേരാണ് ഇരുചക്ര വാഹനാപകടത്തില്‍ മരിച്ചത്.

അതിർത്തി കടത്തി എത്തിക്കുന്ന മാരക ലഹരിമരുന്ന്; എംഡിഎംഎ കടത്തുന്ന വഴിതേടി പൊലീസ്, അഞ്ച് യുവാക്കള്‍ പിടിയിൽ

Follow Us:
Download App:
  • android
  • ios