മരിച്ച അലന്റെയും ഫെബിന്റെയും മൃതദേഹങ്ങൾ അങ്കമാലിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി

ആലുവ: ഓടിക്കൊണ്ടിരുന്ന ബസിന് പിന്നിലിടിച്ച് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് രണ്ട് പേർ മരിച്ചു. കറുകുറ്റി പാദുവാപുരം സ്വദേശി ഫാബിൻ മനോജും സുഹൃത്ത് കോക്കുന്ന് സ്വദേശി അലനുമാണ് മരിച്ചത്. രണ്ട് പേർക്കും 18 വയസായിരുന്നു പ്രായം. അങ്കമാലിക്കടുത്ത് തലകോട്ട് പറമ്പിൽ വച്ച് ഇന്ന് വൈകുന്നേരത്തോടെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റ രണ്ട് പേരെയും ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിൽ മറ്റൊരാൾക്കും പരിക്കേറ്റിട്ടുണ്ട്. ഇയാളെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരിച്ച അലന്റെയും ഫെബിന്റെയും മൃതദേഹങ്ങൾ അങ്കമാലിയിലെ എൽ എഫ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിനും പൊലീസ് നടപടിക്രമങ്ങൾക്കും ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

വൈകിട്ട് അഞ്ചരയ്ക്കാണ് അപകടം നടന്നത്. അങ്കമാലിയിൽ നിന്നും മഞ്ഞപ്ര ഭാഗത്തേക്ക് പോവുകയായിരുന്നു സ്വകാര്യ ബസ്. ഈ ബസിന്റെ പുറക് ഭാഗത്ത് വലത് വശത്തായി ബൈക്ക് ഇടിക്കുകയായിരുന്നു. ഫാബിനും അലനുമായിരുന്നു ബൈക്കിൽ ഉണ്ടായിരുന്നത്. ഇരുവരും റോഡിൽ തെറിച്ച് വീണു.

അപകടത്തിൽ പെട്ട ബൈക്ക് തൊട്ടടുത്തുകൂടി പോയ സ്കൂട്ടറിലും ചെന്നിടിച്ചു. ഈ സ്കൂട്ടറിലുണ്ടായിരുന്ന യാത്രക്കാരനും റോഡിൽ വീണു. ഇദ്ദേഹത്തിന് പരിക്കേറ്റെങ്കിലും നില ഗുരുതരമല്ലെന്നാണ് വിവരം. പരിക്കേറ്റവരെ സംഭവ സ്ഥലത്ത് നിന്ന് ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടികളെ രണ്ട് പേരെയും രക്ഷിക്കാനായില്ല.

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ്