തെറിച്ചുവീണ് ഗുരുതര പരിക്കേറ്റ ഇവരെ ആലപ്പുഴ ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല...
ആലപ്പുഴ: മകൻ ഓടിച്ച ബൈക്കിന്റെ പിന്നിലിരുന്നു യാത്ര ചെയ്യവേ ബൈക്കിന്റെ ചക്രത്തിൽ പർദ കുരുങ്ങി ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മാതാവ് മരിച്ചു. വട്ടയാൽ വാർഡിൽ ഇല്ലിക്കൽ പുരയിടത്തിൽ പൂപ്പറമ്പിൽ സെലീന (36) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാലരയോടെ കുതിരപ്പന്തി ഷൺമുഖവിലാസം ക്ഷേത്രത്തിന് സമീപത്തായിരുന്നു അപകടം.
മകനോടൊപ്പം സ്വർണ ഉരുപ്പടി പണയവുമായി ബന്ധപ്പെട്ട് യാത്രക്കിടെയായിരുന്നു അപകടം. തെറിച്ചുവീണ് ഗുരുതര പരിക്കേറ്റ ഇവരെ ആലപ്പുഴ ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭർത്താവ്: ഹസീം (ഓട്ടോറിക്ഷാ ഡ്രൈവർ).
അതേസമയം ആലപ്പുഴ പേരാത്ത് മുക്ക് മല്ലികാട്ട് കടവിൽ രണ്ട് ദിവസം മുന്നെയുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. മാങ്കിരിൽ മനോഹരൻ മിനി ദമ്പതികളുടെ മകൻ മിഥുൻ രാജ് (19) ആണ് മരണപ്പെട്ടത്. മൂത്താശ്ശേരിൽ റിസ്‌വാൻ (19 ) കണ്ടല്ലൂർ വടക്ക് വൈലിൽ വീട്ടിൽ നാരായണൻ (68 ) എന്നിവർക്കാണ് പരിക്കേറ്റത്.
ഇവരെ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് പേരാത്ത് മുക്കിൽ വെച്ചാണ് അപകടം ഉണ്ടായത്. മിഥുനും സുഹൃത്തായ റിസ്‌വാനും സഞ്ചരിച്ച ബൈക്ക് സൈക്കിൽ യാത്രക്കാരനായ നാരായണനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ അഘാതത്തിൽ ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റീൽ ഇടിക്കുകയായിരുന്നു.
