കൊല്ലം-പത്തനംതിട്ട അതിർത്തിയായ ഏഴാംമൈലിൽ കാറും ബൈക്കും കൂട്ടിയിടിച്ച് 23-കാരനായ യുവാവ് മരിച്ചു. അമ്മയ്ക്കൊപ്പം യാത്ര ചെയ്യുകയായിരുന്ന അടൂർ സ്വദേശി അംജത്താണ് മരിച്ചത്. അപകടങ്ങൾ പതിവായ ജംഗ്ഷനിലെ ഗതാഗത നിയന്ത്രണങ്ങളുടെ അഭാവത്തിനെതിരെ നാട്ടുകാർ രംഗത്തെത്തി.

കൊല്ലം: അമ്മയ്ക്കൊപ്പം ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ കാറുമായി കൂട്ടിയിടിച്ച് യുവാവിനു ദാരുണാന്ത്യം. അടൂർ ഏനാത്ത് സ്വദേശി അംജത് (23) ആണു മരിച്ചത്. മണ്ണടി ചരുവിള പുത്തൻവീട്ടിൽ ഷാനവാസിൻ്റെയും സീനത്തിൻ്റെയും മകനാണ്. കൊല്ലം, പത്തനംതിട്ട അതിർത്തിയായ ഏഴാംമൈൽ ജങ്ഷനിൽ ആണു സംഭവം.

ഇന്നലെ രാത്രി 9.30 ഓടെയാണ് അപകടമുണ്ടായത്. സീനത്തും മകൻ അംജത്തും കൂടി സിനിമാപറമ്പിലുള്ള സഹോദരന്റെ വീട്ടിൽ പോകവേയാണ് ഇവർ സഞ്ചരിച്ച വാഹനം മലനട റോഡിൽ നിന്നു വന്ന കാറുമായി കൂട്ടിയിടിച്ചത്. ഗുരുതര പരുക്കേറ്റ ഇരുവരെയും ഭരണിക്കാവിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അംജത്തിന്റെ ജീവൻ രക്ഷിക്കാനായില്ല.

കാർ ഓടിച്ചിരുന്ന കൊല്ലം അയത്തിൽ കുറ്റിച്ചിറ തണൽ വീട്ടിൽ ഹരികുമാറിനെ (42) പൊലീസ് അറസ്‌റ്റ് ചെയ്തു. സീനത്ത് ചികിത്സയിലാണ്. വലിയ തിരക്കുള്ള ഏഴാംമൈൽ ജങ്ഷനിൽ ഗതാഗത നിയന്ത്രണത്തിനു യാതൊരു സംവിധാനവുമില്ലാത്തതിനാൽ അപകടങ്ങൾ ഇവിടെ പതിവാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം.