Asianet News MalayalamAsianet News Malayalam

രാത്രി ബൈക്ക് തള്ളാൻ സഹായത്തിനെത്തിയത് പൊലീസ്, 'ഉടമ' മോഷണക്കേസിൽ അകത്ത്...

സഹായിക്കാമെന്ന് കരുതി ചെന്നപ്പോഴാണ് ബൈക്ക് മോഷ്ടാവാണോ എന്ന സംശയം പൊലീസിന് തോന്നിയത്. ഇതോടെ പൊലീസ് സ്റ്റൈലിലുള്ള ചോദ്യങ്ങൾ. കാര്യങ്ങൾക്ക് വ്യക്തതയായി.

bike theft, youth arrested in Thrissur
Author
Thrissur, First Published Jun 29, 2022, 8:54 AM IST

തൃശൂർ: കേടുവന്ന മോഷണ ബൈക്കുമായി പോകുന്നതിനിടയിൽ പൊലീസ് പിടിയിലായി യുവാവ്. സഹായിക്കാനെത്തിയ പൊലീല് ഒടുവിൽ മോഷ്ടാവിനെ കസ്റ്റഡിയിലെടുത്തു. കൊടുങ്ങല്ലൂർ കോതപറമ്പ് സ്വദേശി 27 കാരനായ അമൽരാജിനെയാണ് ബൈക്ക് മോഷ്ടിച്ചതിന് പൊലീസ് പിടികൂടിയത്. 

രാത്രി ഏറെ വൈകി പൊലീസ് പട്രോളിം​ഗ് നടക്കുന്നതിനിടെയാണ് ബൈക്ക് തള്ളിക്കൊണ്ടുപോകുന്ന യുവാവിനെ ശ്രദ്ധയിൽപ്പെട്ടത്. കേടായ ബൈക്ക് ശരിയാക്കാൻ സഹായിക്കാമെന്ന് കരുതി ചെന്നപ്പോഴാണ് ബൈക്ക് മോഷ്ടാവാണോ എന്ന സംശയം പൊലീസിന് തോന്നിയത്. ഇതോടെ പൊലീസ് സ്റ്റൈലിലുള്ള ചോദ്യങ്ങൾ. കാര്യങ്ങൾക്ക് വ്യക്തതയായി. 

പുല‍ർച്ചെ ഒരു മണിക്കാണ് ജനമൈത്രി പൊലീസ് കേടായ ബൈക്കുമായി യുവാവിനെ കാണുന്നത്. വണ്ടി സ്റ്റാ‍ർട്ടാകുന്നില്ലെന്നും ശരിയാക്കാൻ ശ്രമിക്കുകയാണെന്നുമായിരുന്നു കാര്യം തിരക്കിയപ്പോൾ യുവാവിന്റെ മറുപടി. ഇയാളുടെ നിസ്സഹായത കണ്ട് ബൈക്ക് ശരിയാക്കാൻ പൊലീസും ഒപ്പം കൂടി. എന്നാൽ ബൈക്ക് സ്റ്റാ‍ർട്ടാക്കാൻ ശ്രമിക്കുന്നതിനിടയിലാണ് വാഹനത്തിന് കീ ഇല്ലെന്നത് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. 

അതോടെ കുറച്ചധികം ചോദ്യങ്ങൾ ചോദിച്ചപ്പോഴാണ് കേടായ ബൈക്ക് അല്ലെന്നും മോഷണമാണെന്നും വ്യക്തമായത്. ആദ്യം താക്കോൽ കളഞ്ഞുപോയെന്നായിരുന്നു മറുപടി. കൂടുതൽ ചോദ്യങ്ങളായപ്പോഴാണ് മോഷണം സമ്മതിച്ചത്. ഇതോടെ മോഷ്ടാവിനെ കസ്റ്റഡിയിലെടുത്തു. ബൈക്കിന്റെ നമ്പ‍ർ കുറിച്ചെടുത്ത് യഥാ‍ർത്ഥ ഉടമയെ കണ്ടെത്തി. 

തൃശൂരിലെ കൊക്കാലയിൽ നിന്ന് മോഷ്ടിച്ച ബൈക്കാണ് പ്രതി തള്ളിക്കൊണ്ടുവന്നിരുന്നത്. മോഷ്ടിച്ച് വരുന്ന വഴി ബൈക്ക് ഓഫായതോടെയാണ് ഇയാൾക്ക് പിടി വീണത്. തൃശൂർ ഈസ്റ്റ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ കെ.വി.ബിനു, എച്ച്.മുഹമ്മദ് റാഫി എന്നിവരാണ് ബൈക്ക് മോഷ്ടാവിനെ പിടികൂടിയത്. പൊലീസ് ഉദ്യോ​ഗസ്ഥരെ സിറ്റി പൊലീസ് കമ്മീഷണ‍ർ അഭിനന്ദിച്ചു.

Follow Us:
Download App:
  • android
  • ios