വയനാട് പനമരത്തുണ്ടായ വാഹനാപകടത്തിൽ അച്ഛനും മകനും മരിച്ചു

കൽപ്പറ്റ: വയനാട് പനമരത്തുണ്ടായ വാഹനാപകടത്തിൽ അച്ഛനും മകനും മരിച്ചു. കൽപ്പറ്റ പെരുന്തട്ട സ്വദേശി എം സുബൈർ, 12 വയസുകാരൻ മിഥ്ലജ് എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടർ മാനന്തവാടിയിൽ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. 

പനമരം കൈതക്കൽ വെച്ചാണ് അപകടമുണ്ടായത്. സംഭവ സ്ഥലത്ത് വെച്ച് തന്നെ രണ്ട് പേരും മരിച്ചു. മൃതദേഹങ്ങൾ മാനന്തവാടി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മുൻ ഭാഗം തകർന്ന കെഎസ്ആർടിസി ബസ് സ്ഥലത്ത് നിന്ന് നീക്കി ഗതാഗതം പുന:സ്ഥാപിച്ചു.

Read more: ആനക്കൊമ്പ് വിറ്റത് ആറ് ലക്ഷം രൂപയ്ക്ക്, വിറ്റയാളെ അറസ്റ്റ് ചെയ്ത് വനംവകുപ്പ്, എവിടെ നിന്ന് കിട്ടി, അന്വേഷണം

അതേസമയം, കുഴൽമന്ദത്ത് കെ എസ് ആര്‍ ടി സി ബസിടിച്ച് രണ്ട് യുവാക്കൾ മരിച്ച സംഭവത്തിൽ ഡ്രൈവർ ഔസേപ്പിന് എതിരെ കൊലപാതക കുറ്റം ചുമത്തുമെന്ന് പൊലീസ് വ്യക്തമാക്കി. ഡ്രൈവർക്കെതിരെ നടക്കുന്ന അന്വേഷണങ്ങൾ പൂർത്തിയാവുന്ന മുറയ്ക്ക് ബസ് ഡ്രൈവറുടെ പേരിൽ കൊലപാതക കുറ്റം ചുമത്തുമെന്ന് പൊലീസ് മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. ഇതോടെ കമ്മീഷൻ അംഗം കെ ബൈജുനാഥ് കേസ് തീർപ്പാക്കി. കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. 2022 ഫെബ്രുവരി 7 ന് രാത്രിയായിരുന്നു സംഭവം.

പാലക്കാട് നിന്നും വടക്കാഞ്ചേരിക്ക് സർവ്വീസ് നടത്തിയ കെ എസ് ആര്‍ ടി സി ബസ് തട്ടി പാലക്കാട് കാവശ്ശേരി സ്വദേശി ആദർശ്, കാഞ്ഞങ്ങാട് മാവുങ്കാൽ ഉദയൻ കുന്ന് സ്വദേശി സബിത്ത് എന്നിവര്‍ കൊല്ലപ്പെടുകയായിരുന്നു. ആദ്യ ഘട്ടത്തിൽ റോഡപകടം എന്ന നിലയിലായിരുന്നു പൊലീസ് ഇതിനെ കണ്ടത്. പിന്നീട് അപകടത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നപ്പോഴാണ് കെ എസ് ആർ ടി സി ബസ് ഡ്രൈവർ മനപ്പൂര്‍വ്വം അപകടം ഉണ്ടാക്കിയതാണെന്ന് വ്യക്തമായത്.

ഒരു കാറിന്‍റെ ഡാഷ് ബോർഡിലെ കാമറയിൽ പതിഞ്ഞ ദൃശ്യങ്ങളിൽ നിന്നാണ് അപകടത്തിലെ കെ എസ് ആർ ടി സി ബസിന്‍റെ പങ്ക് വ്യക്തമായത്. റോഡിന്‍റെ ഇടത് ഭാഗത്ത് ആവശ്യത്തിന് സ്ഥലം ഉണ്ടായിട്ടും ബസ് വലത്തോട്ട് വെട്ടിച്ച് എടുക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. പിന്നാലെ കെ എസ് ആർ ടി സി ബസ് ഡ്രൈവർ തൃശൂർ പീച്ചി സ്വദേശി സി എൽ ഔസേപ്പിനെ സസ്പെന്‍റ് ചെയ്തിരുന്നു.