മനുഷ്യരെ ബാധിക്കുന്നത് അപൂർവ്വമാണെങ്കിലും ചില രാജ്യങ്ങളിൽ മനുഷ്യരിലേക്കും രോഗം പടർന്നിട്ടുണ്ട് എന്നാണ് കണ്ടെത്തൽ
ഹരിപ്പാട്: പക്ഷിപ്പനി (Bird Flu) മൂലം കുട്ടനാട്, അപ്പർകുട്ടനാട് (Kuttanad and Upper Kuttanad) മേഖല ആശങ്കയിൽ. രണ്ടാഴ്ചകൾക്കു മുൻപ് പുറക്കാട്, തകഴി പഞ്ചായത്തുകളിലായി പതിനായിരത്തിലേറെ താറാവുകൾ (Duck) ചത്തത് പക്ഷിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ഏറ്റവും വലിയ താറാവ് വളർത്തൽ കേന്ദ്രമായ കുട്ടനാട്, അപ്പർ കുട്ടനാടൻ മേഖല കടുത്ത ആശങ്കയിലായി. ക്രിസ്തുമസ്-പുതുവത്സ വിപണി ലക്ഷ്യമിട്ട് വളർത്തുന്ന രണ്ടു ലക്ഷത്തോളം താറാവുകളാണ് മേഖലയിലുള്ളത്. വരും ദിവസങ്ങളിൽ പക്ഷിപ്പനി കൂടുതൽ പ്രദേശങ്ങളിലേക്ക് പടർന്നാൽ ഇവയെ ഒന്നാകെ കൊന്ന് കുഴിച്ചു മൂടുക മാത്രമാണ് കർഷകർക്ക് മുന്നിലുള്ള മാർഗം.
വായുവിലൂടെ അതിവേഗം പകരുന്നതിനാൽ പക്ഷികളിൽ രോഗം വ്യാപിക്കുവാനുള്ള സാധ്യത ഏറെയാണ്. മനുഷ്യരെ ബാധിക്കുന്നത് അപൂർവ്വമാണെങ്കിലും ചില രാജ്യങ്ങളിൽ മനുഷ്യരിലേക്കും രോഗം പടർന്നിട്ടുണ്ട് എന്നാണ് കണ്ടെത്തൽ. കുട്ടനാടൻ മേഖലയിൽ താറാവുകളിൽ രോഗ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയതോടെ അപ്പർ കുട്ടനാടൻ മേഖലയിൽ നിന്നും നൂറുകണക്കിന് താറാവുകളെ പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ നെൽകൃഷി മേഖലകളിലേക്ക് മാറ്റിയിട്ടുണ്ട്. 2014,16 വർഷങ്ങളിൽ ജില്ലയിൽ വ്യാപിച്ച പക്ഷിപ്പനി കാരണം അപ്പർ കുട്ടനാടൻ മേഖലയിൽ ലക്ഷക്കണക്കിന് താറാവുകളാണ് ചത്തത്.
ആലപ്പുഴയിൽ വീണ്ടും പക്ഷിപ്പനി; താറാവുകളെ കൂട്ടമായി കൊന്നൊടുക്കും, ആശങ്കയോടെ കര്‍ഷകര്‍
നൂറുകണക്കിന് താറാവുകളെ കൊല്ലുകയും അവയുടെ മുട്ടകൾ പ്രതിരോധമെന്ന നിലയിൽ നശിപ്പിക്കുകയും ചെയ്തിരുന്നു. ഈ വർഷം ജനുവരിയിൽ പക്ഷിപ്പനി മൂലവും മെയ് മാസത്തിൽ ബാക്റ്റീരിയ ബാധ മൂലവും ആയിരക്കണക്കിന് താറാവുകളാണ് ചത്തത്. അടിക്കടി ഉണ്ടാകുന്ന രോഗബാധ താറാവ് കർഷകർക്ക് വൻ ബാധ്യതയായി മാറിയിട്ടുണ്ട്. ഇതിനിടെ പക്ഷിപ്പനി പടരുന്നത് ദേശാടനപ്പക്ഷികളിൽ കൂടിയാണെന്ന കണ്ടെത്തലോടെ ഇവ കൂട്ടമായി വിരുന്നെത്തി ചേക്കേറിയിരിക്കുന്ന നാലുചിറ, കാരമുട്ട്, ആയാപറമ്പ് പാണ്ടി, തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും ഇവയെ ഒഴിപ്പിക്കുവാൻ അധികൃതർ തയ്യാറാകണമെന്ന ആവശ്യവും ശക്തമാണ്.
