തിരുവനന്തപുരം: തെരഞ്ഞെടുപ്പ്  പ്രചാരണത്തിനിടയിൽ ബി.ജെ.പി. വിമത സ്ഥാനാർത്ഥിയുടെ മൈക്ക് പിടിച്ച് വാങ്ങി ഭീഷണിപ്പെടുത്തിയ ബിജെപി നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊടുങ്ങാനൂർ സ്വദേശിയും ബി.ജെ.പി ജില്ലാ കമ്മിറ്റി അംഗവുമായ  അഡ്വ. രഞ്ജിത് സി നായരെയാണ് വട്ടിയൂർക്കാവ് പോലീസ് അറസ്റ്റു ചെയ്തത്. 

തിരുവനന്തപുരം കോർപ്പറേഷൻ കൊടുങ്ങാനൂർ വാർഡിലെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന സിന്ധു സതികുമാറിന്‍റെ പരാതിയിലാണ് രഞ്ജിത്തിനെ വ്യാഴാഴ്ച പൊലീസ് അറസ്റ്റു ചെയ്തത്. തുടർന്ന് ഇയാളെ ജാമ്യത്തിൽ വിട്ടു. 

വീടിന് മുന്നിൽ തെരഞ്ഞെടുപ്പ് പ്രചാരണ വാഹനം പാർക്ക് ചെയ്ത്  മാനഹാനി ഉണ്ടാക്കും വിധം മൈക്കിലൂടെ അധിക്ഷേപിച്ചെന്നാണ് രഞ്ജിത്ത് പറയുന്നത്. സ്വതന്ത്ര സ്ഥാനാർത്ഥിയായ സിന്ധുവിന്‍റെ ഭർത്താവ് സതികുമാര്‍ തന്നെ അധിക്ഷേപിച്ച് സംസാരിച്ചെന്നും ഇത് വീട്ടുകാർക്കും മകൾക്കും മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയെന്നും ആരോപിച്ച്   രഞ്ജിത്തും  വട്ടിയൂർക്കാവ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.