കോട്ടയം: പള്ളിക്കത്തോട്ടിൽ പത്തോളം തോക്കുകളുമായി ബിജെപി പ്രാദേശിക നേതാവ് ഉള്‍പ്പടെ 5 പേര്‍ അറസ്റ്റില്‍. ഇവരില്‍ നിന്നും വെടിയുണ്ടകളും തോക്ക് നിര്‍മ്മിക്കാനാവശ്യമായ സാമഗ്രികളും കണ്ടെത്തി.

കോട്ടയത്തെ ബിജെപിയുടെ പ്രാദേശിക നേതാവാണ് വിജയൻ. ഇയാളുടെ വീട്ടില്‍ നിന്നാണ് പത്ത് തോക്കുകള്‍ കണ്ടെടുത്തത്. വിജയനെ ഇന്നലെ രാത്രി പള്ളിക്കത്തോട് പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് മറ്റ് നാല് പേരുടെ പങ്ക് ബോധ്യപ്പെട്ടത്.

കൊമ്പിലാക്കല്‍ ബിനേഷ്‌കുമാര്‍, രതീഷ് ചന്ദ്രന്‍, ആനിക്കാട് രാജന്‍, ആനിക്കാട് തട്ടാംപറമ്പില്‍ മനേഷ്‌കുമാര്‍ എന്നിവരാണ് പിടിയിലായ മറ്റുള്ളവര്‍. ഇവരില്‍ നിന്നും റിവോള്‍വറുകള്‍, തോക്ക് നിര്‍മിക്കാനാവശ്യമായ സാമഗ്രികള്‍, പല തരം തോക്കുകളുടെ മോഡലുകള്‍, വ്യാജ വെടിയുണ്ടകള്‍ നിര്‍മ്മിക്കുന്നതിനാവശ്യമായ സാമഗ്രികള്‍, 50 ഓളം ഇരുമ്പുവടികള്‍ എന്നിവ പിടിച്ചെടുത്തു.  

പ്രതികളില്‍ പലരും ആയുധം കൈവശംവച്ചതിന് ഇതിനു മുന്‍പും അറസ്റ്റിലായവരാണ്. അറസ്റ്റിലായവര്‍ക്ക് തോക്കുനിര്‍മ്മാണവുമായി ബന്ധമുണ്ടെന്ന് പൊലീസ് പറയുന്നു.  അറസ്റ്റിലായ 5 പേരെയും റിമാര്‍ഡ് ചെയ്തു. ഇവര്‍ക്കെതിരെ ആംസ് ആക്ട്, അനധികൃതമായി ആയുധ നിര്‍മ്മാണം എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തതെന്ന് കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി പറഞ്ഞു. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക