പുതുക്കാട് പഞ്ചായത്തിലെ ധനകാര്യ സ്റ്റാൻ്റിങ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ ബി.ജെ.പി അംഗം സൗമ്യ ടീച്ചർക്ക് സമ്പൂർണ്ണ വിജയം. 17 അംഗ പഞ്ചായത്തിൽ ഭരണ-പ്രതിപക്ഷ ഭേദമന്യേ 17 വോട്ടുകളും നേടിയാണ് സൗമ്യ ടീച്ചർ വിജയിച്ചത്. 

തൃശൂർ: പുതുക്കാട് പഞ്ചായത്തിലെ സ്റ്റാൻ്റിങ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ ഇടത്- വലത് മുന്നണികളുടെ വോട്ട് നേടി ബി.ജെ.പി അംഗത്തിന് വിജയം. ഭരണസമിതിയിലെ ധനകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പിലാണ് യു.ഡി.ഫും എല്‍.ഡി.എഫും ബി.ജെ.പിയുടെ വനിതാ അംഗമായ സൗമ്യ ടീച്ചർക്ക് വോട്ടു ചെയ്തത്. 17 അംഗങ്ങളുള്ള പഞ്ചായത്തില്‍ 17വോട്ടും സൗമ്യ ടീച്ചര്‍ക്ക് ലഭിച്ചു. പഞ്ചായത്ത് പ്രസിഡൻ്റും വെെസ് പ്രസിഡൻ്റും ഉൾപ്പെടെ വോട്ട് ചെയ്തത് ബി.ജെ.പി അംഗത്തിനാണ്.കഴിഞ്ഞ ദിവസം നടന്ന ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മിറ്റിയിലെ വനിതാ അംഗത്തിന്റെ തിരഞ്ഞെടുപ്പിൽ വനിതാ അംഗങ്ങൾ ഉണ്ടായിട്ടും മത്സരിപ്പിക്കാതിരുന്ന ബി.ജെ.പി ഇടതുമുന്നണി സ്ഥാനാർഥിയെ പിന്തുണച്ചത് കോൺഗ്രസ് വിവാദമാക്കിയിരുന്നു.

ബി.ജെ.പിക്കെതിരെ ആരോപണമുന്നയിച്ച കോൺഗ്രസ് സ്റ്റാൻ്റിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം എല്‍.ഡി.എഫിന് കൊടുക്കാനാണ് ബി.ജെ.പിയ്ക്ക് വോട്ട് ചെയ്തതെന്നും ഇരുമുന്നണികളും രഹസ്യധാരണയെ മറികടന്ന് ബി.ജെ.പി മികച്ച വിജയം നേടിയതിൽ വിറളി പൂണ്ടാണ് കോണ്‍ഗ്രസ് അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുന്നതന്നും ബി.ജെ.പി പുതുക്കാട് പഞ്ചായത്ത് സമിതി പ്രസിഡൻ്റ് നിശാന്ത് അയ്യഞ്ചിറ, ജനറല്‍ സെക്രട്ടറി അജിതന്‍ നടപ്പറമ്പില്‍ എന്നിവർ പറഞ്ഞു. 17 അംഗ ഭരണസമിതിയിൽ യു.ഡി.എഫിന് ഒൻപതും എൽ.ഡി.എഫിനും ബി.ജെ.പിക്കും നാലുവീതം അംഗങ്ങളാണുള്ളത്.