തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി ഭരണത്തെ അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെ എൽഡിഎഫും യുഡിഎഫും ചേർന്ന് നടത്തിയ രാഷ്ട്രീയ വേട്ടയാടലിനാണ് ഹൈക്കോടതി വിധിയിലൂടെ തിരിച്ചടി നേരിട്ടതെന്ന് അഡ്വ. കെ. കെ. അനീഷ് കുമാർ പറഞ്ഞു.
തൃശ്ശൂർ: തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ ആർ. സുഗതനെതിരെ ചുമത്തിയ കാപ്പ ഹൈക്കോടതി റദ്ദാക്കിയതിനെ തുടർന്ന് അദ്ദേഹത്തിന് ബിജെപി തൃശ്ശൂർ സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. വിയ്യൂർ സെൻട്രൽ ജയിലിന് മുന്നിൽ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. കെ. കെ. അനീഷ് കുമാറും സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബും ചേർന്നാണ് ആർ. സുഗതനെ സ്വീകരിച്ചത്.
തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി ഭരണത്തെ അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെ എൽഡിഎഫും യുഡിഎഫും ചേർന്ന് നടത്തിയ രാഷ്ട്രീയ വേട്ടയാടലിനാണ് ഹൈക്കോടതി വിധിയിലൂടെ തിരിച്ചടി നേരിട്ടതെന്ന് അഡ്വ. കെ. കെ. അനീഷ് കുമാർ പറഞ്ഞു. ഒരു ജനപ്രതിനിധിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങളും വ്യാജക്കേസുകളും ചുമത്തി ജയിലിലടയ്ക്കാൻ ശ്രമിച്ചത് പൂർണ്ണമായും രാഷ്ട്രീയ പ്രേരിതമായ നടപടിയാണ്. ആർ. സുഗതനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച കെ. എസ്. ശബരിനാഥനും എസ്. പി. ദീപക്കും ഈ രാഷ്ട്രീയ നീക്കത്തിന്റെ പേരിൽ തിരുവനന്തപുരം നിവാസികളോട് മാപ്പ് പറയാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാഷ്ട്രീയ വേട്ടയാടലിന്റെ കാര്യത്തിൽ എൽഡിഎഫും യുഡിഎഫും വ്യത്യസ്തരല്ലെന്നും ഇരുവരും ഒരേ തൂവൽ പക്ഷികളാണെന്നുമാണ് ഈ സംഭവത്തിലൂടെ കൂടുതൽ വ്യക്തമായതെന്ന് ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് പറഞ്ഞു. ജനപ്രതിനിധിയെ കള്ളക്കേസിൽ കുടുക്കി ജയിലിലടയ്ക്കാനുള്ള ശ്രമം ജനാധിപത്യ സംവിധാനത്തോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.
ജനകീയ സമരത്തിൽ പങ്കെടുത്തതിനാണ് തനിക്കെതിരെ കാപ്പ ചുമത്തിയതെന്ന് ആർ. സുഗതൻ പറഞ്ഞു. ഒരു പോലീസുകാരൻ വിചാരിച്ചാൽ ഒരാളെ ജയിലിൽ അടയ്ക്കാൻ കഴിയുന്ന സാഹചര്യമാണുള്ളതെന്നതിന്റെ തെളിവാണ് തന്റെ അനുഭവം. നാട്ടിലെ ജനങ്ങൾക്ക് വേണ്ടി ഇനിയും ജയിലിൽ പോകേണ്ടി വന്നാലും അതിന് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. തന്നെ ‘ഗുണ്ട’യായി ചിത്രീകരിച്ചത് സിപിഎമ്മാണെന്നും കാപ്പ നിയമം പൊലീസ് ദുരുപയോഗം ചെയ്തതായും ആർ. സുഗതൻ ആരോപിച്ചു. ജനങ്ങളുടെ അവകാശങ്ങൾക്കുവേണ്ടിയുള്ള പോരാട്ടത്തിൽ നിന്ന് ഇത്തരം നടപടികൾ തന്നെ പിന്തിരിപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ബിജെപി ജില്ലാ ജനറൽ സെക്രട്ടറി സുജയ് സേനൻ, ജില്ലാ വൈസ് പ്രസിഡന്റുമാരായ സുധീഷ് മേനോത്തുപറമ്പിൽ, പൂർണ്ണിമാ സുരേഷ്, കൗൺസിലർമാരായ രഘുനാഥ് സി. മേനോൻ, അഡ്വ. രേഷ്മ മേനോൻ, അനീഷ് ഇയാൽ, സബീഷ് മരതയൂർ, ഹരി സി. നരേന്ദ്രൻ, മനു പള്ളത്ത്, ശീതൾ രാജ, വിജയൻ മേപ്രത്ത്, ഭാഗീഷ് പൂരാടൻ, ദിനേഷ്‌കുമാർ കരിപ്പേരിൽ എന്നിവർ സന്നിഹിതരായിരുന്നു.


