വടക്കൻ പറവൂർ നഗരസഭയിൽ പ്രതിപക്ഷ നേതാവിന്‍റെ വാർഡായ കേസരി 21-ാം വാർഡിലാണ് കോൺഗ്രസ് പരാജയപ്പെട്ടത്. കഴിഞ്ഞ തവണയും ഇവിടെ പരാജയമായിരുന്നു കോൺഗ്രസിന്‍റെ അവസ്ഥ. സീറ്റ് ബി ജെ പി നിലനിർത്തുകയായിരുന്നു
കൊച്ചി: കോൺഗ്രസിന്‍റെയും യു ഡി എഫിന്‍റെയും സർവാധിപത്യം കണ്ട ജില്ലകളിലൊന്നായ എറണാകുളത്ത് നിറയെ കൗതുക കാഴ്ചകളും തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രകടമായി. സംസ്ഥാനത്താകെ യു ഡി എഫിന് ഉജ്വല വിജയം നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചവരിൽ ഒരാളായ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെ വാർഡിൽ കോൺഗ്രസ് സ്ഥാനാർഥി പരാജയപ്പെട്ടതാണ് അതിലൊന്ന്. വടക്കൻ പറവൂർ നഗരസഭയിൽ പ്രതിപക്ഷ നേതാവിന്‍റെ വാർഡായ കേസരി 21-ാം വാർഡിലാണ് കോൺഗ്രസ് പരാജയപ്പെട്ടത്. കഴിഞ്ഞ തവണയും ഇവിടെ പരാജയമായിരുന്നു കോൺഗ്രസിന്‍റെ അവസ്ഥ. സീറ്റ് ബി ജെ പി നിലനിർത്തുകയായിരുന്നു. കളമശ്ശേരി നഗരസഭയിൽ മന്ത്രി പി രാജീവിന്റെ വാർഡായ സെന്റ് ജോസഫ് 25 -ാം വാർഡിൽ എൽ ഡി എഫ് സ്ഥാനാർഥി പരാജയപ്പെട്ടതാണ് കൊച്ചിയിലെ മറ്റൊരു കാഴ്ച. ഇവിടെ യു ഡി എഫ് സ്ഥാനാർഥി അസീറ നാസർ മിന്നും വിജയം നേടി.
നിമിഷ രാജുവിന് പരാജയം
ആർഷോയ്ക്കെതിരെ പരാതി നൽകിയ എ ഐ എസ് എഫ് നേതാവ് നിമിഷ രാജു പറവൂർ ബ്ലോക്കിലെ കെടാമംഗലം ഡിവിഷനിൽ തോറ്റതും ശ്രദ്ധനേടി. സി പി ഐ പ്രാദേശിക ഘടകത്തിന്റെ എതിർപ്പ് അവഗണിച്ചാണ് നിമിഷയെ സ്ഥാനാർഥിയാക്കിയത്. ഇവിടെ കോൺഗ്രസ് ജയിച്ചു. നിമിഷ രാജുവിന് വിമത ഭീഷണിയും ഉണ്ടായിരുന്നു. വടക്കൻ പറവൂർ നഗരസഭ കോടതി ഏഴാം വാർഡിൽ മുൻ മന്ത്രി എസ് ശർമയുടെ ഭാര്യ ആശ ശർമ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതും മറ്റൊരു കൗതുകമായി. എൻ ഡി എ സ്ഥാനാർഥി നന്ദിനി രമേശാണ് ഇവിടെ വിജയിച്ചത്.
തൃപ്പൂണിത്തുറ നഗരസഭയിൽ എൻ ഡി എ സ്ഥാനാർഥി നടൻ തിലകന്റെ മകൻ ഷിബു തിലകൻ തിരുവാങ്കുളം ഇരുപതാം വാർഡിൽ മൂന്നാം സ്ഥാനത്തായി. പത്തൊൻപതാം വാർഡിൽ എൻ ഡി എ സ്ഥാനാർഥിയായ ഷിബു തിലകന്റെ ഭാര്യ ലേഖ എസ് നായരും തോറ്റു. ഏലൂർ നഗരസഭ ഇരുപത്തി ഏഴാം വാർഡിൽ യു ഡി എഫ് സ്ഥാനാർഥിയിയ മത്സരിച്ച മഞ്ഞുമ്മൽ ബോയ്സ് സിനിമയിലെ യഥാർത്ഥ സുഭാഷ് ചന്ദ്രൻ മൂന്നാം സ്ഥാനത്തെത്തി. ഇവിടെ സ്വതന്ത്ര സ്ഥാനാർഥി മഞ്ജു എം മേനോൻ ജയിച്ചു.
കൂത്താട്ടുകുളം നഗരസഭയിലെ എടയാർ വെസ്റ്റ് വാർഡിൽ പേരുകൊണ്ട് കൂടി ശ്രദ്ധ നേടിയ എൽ ഡി എഫ് സ്ഥാനാർഥി 'മായ വി'യും പരാജയത്തിന്‍റെ കയ്പ്പുനീർ കുടിച്ചു. സംസ്ഥാനത്തെ ഏറ്റവും പ്രായം കൂടിയ സ്ഥാനാർഥി അശമന്നൂർ പഞ്ചായത്ത് രണ്ടാം വാർഡിൽ പരാജയപ്പെട്ടതും ശ്രദ്ധനേടിയ കാഴ്ചയായി. എൺപത്തി ഒൻപതുകാരനായ സ്ഥാനാർഥി നാരായണൻ നായർക്ക് 9 വോട്ടാണ് ആകെ ലഭിച്ചത്.


