Asianet News MalayalamAsianet News Malayalam

കാലാവസ്ഥയും രോഗങ്ങളും ചതിച്ചു, ഉല്‍പാദനം കുറഞ്ഞു; കുരുമുളകിന് തീവില 

ഇറക്കുമതി കുറച്ചതും ആഭ്യന്തര വിപണിയില്‍ ആവശ്യം ഉയര്‍ന്നതുമാണ് നിലവില്‍ വില ഉയരാൻ കാരണം. എന്നാല്‍ വിളവ് കുറഞ്ഞതിനാൽ നഷ്ടം സഹിക്കേണ്ടി വരുമെന്ന ആശങ്കയിലാണ് കര്‍ഷകർ. സീസണിൽ വില ഉയര്‍ന്നാലും വിളവില്ലാത്തതിനാൽ പ്രയോജനം കിട്ടില്ല.

black pepper cultivation hits by climate change and diseases but market got high price for pepper
Author
First Published Jan 21, 2023, 11:16 AM IST

നെടുങ്കണ്ടം: വിളവെടുപ്പ് സീസണില്‍ കടുത്ത ആശങ്കയില്‍ കുരുമുളക് കര്‍ഷകര്‍. കാലാവസ്ഥാ വ്യതിയാനവും രോഗങ്ങളും മൂലം ഉല്‍പ്പാദനം ഗണ്യമായി കുറഞ്ഞതാണ് വിളവെടുപ്പ് സീസണില്‍  കര്‍ഷകരെ വലയ്ക്കുന്നത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വിളവ് മൂന്നിലൊന്നായി കുറഞ്ഞെന്നാണ് കര്‍ഷകർ പറയുന്നത്.

ഇടുക്കിയിൽ ജനുവരി മുതലാണ് കുരുമുളക് വിളവെടുപ്പ് തുടങ്ങുന്നത്. വർഷത്തിൽ ഒരു തവണ മാത്രമാണ് കുരുമുളക് വിളവെടുപ്പ് നടക്കുക. ഒരു കിലോ ഉണക്ക കുരുമുളകിന് 480 മുതല്‍ 520 രൂപ വരെയാണ് ഇപ്പോഴത്തെ വില. തായ്‌ലാന്‍ഡ് അടക്കമുള്ള രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി കുറച്ചതും ആഭ്യന്തര വിപണിയില്‍ ആവശ്യം ഉയര്‍ന്നതുമാണ് നിലവില്‍ വില ഉയരാൻ കാരണം. ഏലം വില കുത്തനെ ഇടിഞ്ഞതോടെ ഇടവിളയായി ചെയ്തിരുന്ന കുരുമുളക് കൃഷിയിലായിരുന്നു കര്‍ഷകരുടെ പ്രതീക്ഷ. എന്നാല്‍ വിളവ് കുറഞ്ഞതിനാൽ നഷ്ടം സഹിക്കേണ്ടി വരുമെന്ന ആശങ്കയിലാണ് കര്‍ഷകർ. സീസണിൽ വില ഉയര്‍ന്നാലും വിളവില്ലാത്തതിനാൽ പ്രയോജനം കിട്ടില്ല. വിളവെടുപ്പ് കഴിയുന്നതോടെ വില ഇടിയാനുള്ള സാധ്യതയുമുണ്ട്.

വിലത്തകർച്ചയിൽ നട്ടം തിരിഞ്ഞ് ഇടുക്കിയിലെ ഏലം കർഷകർ, തോട്ടം നശിപ്പിച്ച് പ്രതിഷേധം

രണ്ട് വര്‍ഷത്തോളമായി 350 രൂപയില്‍ തുടര്‍ന്ന  കുരുമുളക് വില അടുത്ത കാലത്താണ് 500 ലേക്കെത്തിയത്.  കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് അഴുകല്‍, കുമിള്‍ രോഗങ്ങള്‍ വ്യാപകമായതും കുരുമുളക് ഉല്‍പാദനം കുറഞ്ഞപ്പോഴാണ് ഈ വിലക്കയറ്റം. രോഗബാധ മൂലം ലഭിക്കുന്ന കുരുമുളകിന്‍റെ തൂക്കത്തിലും കുറവുണ്ടാകും.കഴിഞ്ഞ വര്‍ഷം ഇടവിട്ട് മഴ പെയ്തതിനൊപ്പം ദിവസങ്ങളോളം കനത്ത മഴയും കാറ്റും നീണ്ടു നിന്നതുമാണ് കുരുമുളകിന്‍റെ ഉല്‍പാദനത്തില്‍ തിരിച്ചടിയായത്.

നേരത്തെ ഏലക്കയുടെ വിലയിടിഞ്ഞതോടെ സംസ്ഥാനത്തെ ഏലം കർഷകർ പ്രതിസന്ധിയിലായിരുന്നു. ഉൽപാദനച്ചിലവ് പോലും തിരിച്ചുകിട്ടാത്ത സ്ഥിതിയിലായ കര്‍ഷകര്‍ കൊച്ചി സ്പൈസസ് ബോർഡ് ഓഫീസ് ഉപരോധിച്ചിരുന്നു. രണ്ടുവര്‍ഷം മുമ്പ് കിലോയ്ക്ക് ശരാശരി നാലായിരം രൂപ കിട്ടിയിരുന്ന ഏലത്തിന് ഇപ്പോള്‍ ലഭിക്കുന്നത് 600 മുതല്‍ 700 രുപ വരെയാണ്. എന്നാല്‍ ഏലം ഉത്പാദിപ്പിക്കുമ്പോൾ കിലോയ്ക്ക് ഏതാണ്ട് ആയിരം രൂപയ്ക്കടുത്ത് ചെലവാകുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. 

Follow Us:
Download App:
  • android
  • ios