മോഷ്ടാക്കള്‍ സംഭവ ദിവസം ഉച്ചക്ക് വീട്ടു മുറ്റത്ത് ഒരു കറുത്ത സ്കൂട്ടറില്‍ നില്‍ക്കുന്നതായി അയല്‍വാസിയായ ഒരു സ്ത്രീയും കുട്ടിയും കണ്ടിരുന്നു
ചാരുംമൂട്: പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയ കേസിൽ കുപ്രസിദ്ധ ലഹരിക്കടത്തുകാരനും മോഷ്ടാവും അറസ്റ്റില്‍. ചാരുംമൂടിന് സമീപം താമസിക്കുന്ന കുപ്രസിദ്ധ ലഹരിക്കടത്തുകാരന്‍ നൂറനാട് പുതുപ്പളളിക്കുന്നം ഖാന്‍ മന്‍സിലില്‍ ഷൈജുഖാന്‍ (ഖാന്‍ പി കെ -42), നിരവധി മോഷണക്കേസുകളില്‍ ഉള്‍പ്പെട്ട അമ്പലപ്പുഴ വളഞ്ഞവഴി പൊക്കത്തില്‍ വീട്ടില്‍ പൊടിച്ചന്‍ (പൊടിമോന്‍-27) എന്നിവരെയാണ് നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസം 24 നാണ് ചാരുംമൂട് ടൗണിനു സമീപം മുറുക്കാൻ കട നടത്തുന്ന താമരക്കുളം വേടരപ്ലാവ് സന്ധാഭവനത്തില്‍ സതിയമ്മയുടെ വീട് കുത്തിത്തുറന്ന് ഒരു പവന്റെ സ്വർണവളയും 52000 രൂപയും മോഷ്ടിച്ചത്. മോഷ്ടാക്കള്‍ സംഭവ ദിവസം ഉച്ചക്ക് വീട്ടു മുറ്റത്ത് ഒരു കറുത്ത സ്കൂട്ടറില്‍ നില്‍ക്കുന്നതായി അയല്‍വാസിയായ ഒരു സ്ത്രീയും കുട്ടിയും കണ്ടിരുന്നു. ഈ വിവരത്തെ തുടർന്ന് സമീപ പ്രദേശങ്ങളിലെ സിസി ടി വി കാമറകള്‍ പൊലീസ് പരിശോധിച്ചു.
ഒരു കറുത്ത സ്കൂട്ടറില്‍ ഹെല്‍മറ്റ് ധരിച്ചും മുഖം മറച്ചും ഗ്ലൗസ് ധരിച്ചും ഉച്ചയോടെ 2 പേര്‍ വരുന്നതും പോകുന്നതുമായ ദൃശ്യങ്ങള്‍ പൊലീസ് കണ്ടെത്തി. തുടര്‍ന്ന് 150 ല്‍ അധികം സിസിടിവി കാമറകള്‍ പരിശോധിച്ച് പൊലീസ് സംഘം ഇവരെ പിന്തുടരുകയായിരുന്നു. സതിയമ്മയെ നേരിട്ട് അറിയാവുന്ന ഷൈജുഖാന്‍ ഇവർ പകല്‍ സമയത്ത് വീട്ടില്‍ ഉണ്ടാകില്ല എന്ന വ്യക്തമായ ധാരണയില്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്ത് കൂട്ടാളിയേയും കൂട്ടി വന്ന് മോഷണം നടത്തി മടങ്ങുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പ്രതികള്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ചിരുന്നില്ല. ദിവസങ്ങളോളം നടത്തിയ അന്വേഷണത്തിന്റെ ഫലമായി ഷൈജുഖാന്‍ ഒളിവില്‍ കഴിഞ്ഞിരുന്ന കരുനാഗപ്പളളി അയണിവേലിക്കുളങ്ങരയിലെ പെണ്‍സുഹൃത്തിന്റെ വീടും പൊടിമോന്‍ താമസിച്ചിരുന്ന പുതുപ്പളളിയിലെ വീടും പൊലീസ് കണ്ടെത്തുകയായിരുന്നു. വ്യാഴാഴ്ച വൈകിട്ട് ഓച്ചിറക്ക് സമീപം ദേശീയ പാതയില്‍ വച്ച് പിക്കപ്പ് വാന്‍ ഓടിച്ചു വരികയായിരുന്ന ഷൈജു ഖാനെ അന്വേഷണ സംഘം വാഹനം തടഞ്ഞ് പിടികൂടി.
തുടര്‍ന്ന് പൊടിമോനെ പുതുപ്പളളി ഭാഗത്തു വച്ചും കസ്റ്റഡിയില്‍ എടുത്തു. ലഹരിക്കേസിൽ പിടിക്കപ്പെട്ട ഷൈജുഖാന്റെ വീടും 17 സെന്റ് സ്ഥലവും സഫേം നിയമപ്രകാരം കണ്ടുകെട്ടാൻ നോട്ടീസ് നൽകിയിരിക്കുയാണ്. കൂട്ടു പ്രതി പൊടിയൻ ചേര്‍ത്തല, അമ്പലപ്പുഴ എന്നീ പൊലീസ് സ്റ്റേഷനുകളിലും ആലപ്പുഴ റെയില്‍വെ പൊലീസ് സ്റ്റേഷനിലും, പുന്നപ്ര, കരുനാഗപ്പളളി, ഓച്ചിറ എന്നീ പൊലീസ് സ്റ്റേഷനുകളിലുമായി 16 ല്‍ അധികം മോഷണക്കേസുകളില്‍ ഉള്‍പ്പെട്ടയാളാണ്.
നൂറനാട് പൊലീസ് എസ് എച്ച്ഒ എസ് ശ്രീകുമാര്‍, സബ് ഇന്‍സ്പെക്ടര്‍ എസ് മിഥുന്‍, എഎസ്ഐ സിനു വര്‍ഗീസ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ജി ഉണ്ണികൃഷ്ണപിളള, മുഹമ്മദ് ഷെഫീഖ്, അരുണ്‍ ഭാസ്കര്‍, വിഷ്ണു വിജയന്‍, കലേഷ് കെ, അന്‍ഷാദ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
ഭക്ഷണം കഴിക്കാൻ വീട്ടിലേക്ക് പോകുന്നതിനിടെ കെഎസ്ആര്‍ടിസി ബസിടിച്ചു, ബൈക്ക് യാത്രികനായ യുവാവ് മരിച്ചു
