തിരുവനന്തപുരം: തലസ്ഥാന നഗരത്തില്‍ നിന്ന് കുറച്ചുമാറി നെയ്യാറ്റിൻകര പ്രദേശത്ത് വീടുകളുടെ ചുമരിലും റോഡിലും രക്തക്കറ കണ്ടെത്തിയതിൽ നാട്ടുകാർ പരിഭ്രാന്തിയിൽ. രക്തം പുരണ്ട പേപ്പറുകളും തുണികളുമാണ് കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ മനുഷ്യരക്തമാണിതെന്നാണ് പ്രാഥമിക നിഗമനം.

നെയ്യാറ്റിൻകര കോടതിക്ക് സമീപത്തെ കന്നിപ്പുറം കടവിനടുത്ത് ഒരു കിലോമീറ്റർ ചുറ്റളവിലാണ് രക്തക്കറ കണ്ടത്. രാവിലെ റോഡിലെ രക്തതുള്ളികളാണ് ആദ്യം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ കടവിന് സമീപത്തും വീടുകളുടെ ചുമരിലും രക്തക്കറ കണ്ടെത്തി. പിന്നാലെ രക്തം പുരണ്ട പേപ്പറുകളും തോർത്തുകളും കിട്ടി.

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയത്. മനുഷ്യരക്തമാണ് കണ്ടെത്തിയത് എന്നാണ് പ്രാഥമിക നിഗമനം. കടവിന് സമീപത്ത് പിടിവലി നടന്നതിന്‍റെ ലക്ഷണങ്ങളുമുണ്ട്. ഗുണ്ടാസംഘങ്ങൾ തമ്മിലുണ്ടായ അടിപിടിയാണെന്നാണ് പൊലീസ് സംശയിക്കുന്നത്. കവർച്ചാസംഘമാകാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. ശാസ്ത്രീയ പരിശോധനയ്ക്കായി പൊലീസ് രക്തസാമ്പിൾ ശേഖരിച്ചിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.