പാലിയേക്കര ടോൾ പ്ലാസയ്ക്ക് സമീപം ബി എം ഡബ്ല്യു കാർ തീപിടിച്ച് പൂർണമായും കത്തിനശിച്ചു. ടോൾ നൽകിയ ശേഷം പെട്ടെന്ന് സ്പാർക്ക് ഉണ്ടായതിനെ തുടർന്ന് കാറിലുണ്ടായിരുന്നവർ പുറത്തിറങ്ങി രക്ഷപ്പെട്ടു.

കൊച്ചി: പാലിയേക്കര ടോൾ പ്ലാസയ്ക്ക് സമീപം ബി എം ഡബ്ല്യു കാർ തീപിടിച്ച് പൂർണമായും കത്തി നശിച്ചു. ടോൾ നൽകിയശേഷം മുന്നോട്ട് എടുത്ത ബി എം ഡബ്ല്യു കാറിന് പെട്ടെന്ന് സ്പാർക്ക് ഉണ്ടാകുകയായിരുന്നു. സ്പാർക്കിനെ തുടർന്ന് വാഹനം നിർത്തിയിട്ട് കാറിൽ ഉണ്ടായിരുന്നവർ പുറത്തിറങ്ങി മാറി നിന്നത് രക്ഷയായി. കാറിനുള്ളിൽ വളരെ വേഗത്തിൽ തീ പടർന്നതോടെ ആളുകൾ പരിഭ്രാന്തരായി ഫയർ ഫോഴ്സിനെ അറിയിച്ചു. ഫയർഫോഴ്സ് എത്തി തീയണച്ചെങ്കിലും കാർ പൂർണമായും കത്തി നശിച്ചു.

View post on Instagram

അപകടത്തിൽപ്പെട്ട കാർ നാട്ടുകാർ പരിശോധിച്ചപ്പോൾ കണ്ടത് നാടൻ തോക്ക്; റിട്ടയേഡ് പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ

അതിനിടെ കണ്ണൂരിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത ലൈസൻസില്ലാത്ത തോക്കുമായി റിട്ട. എസ് ഐ അറസ്റ്റിലായി എന്നതാണ്. എളയാവൂർ സ്വദേശി സെബാസ്റ്റ്യനാണ് പിടിയിലായത്. അപകടത്തിൽപ്പെട്ട കാറിൽ നാട്ടുകാരാണ് നാടൻ തോക്ക് കണ്ടെത്തിയത്. പിന്നീട് നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്നാണ് ചക്കരക്കല്ല് പൊലീസ് സ്ഥലത്തെത്തിയത്. പൊലീസ് നടത്തിയ പരിശോധനയിൽ നാടൻ തോക്കിന് പുറമെ മൂന്ന് തിരകളും ഇയാളിൽ നിന്ന് പിടിച്ചെടുത്തു. ബുധനാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം. കടാംകോട് എന്ന സ്ഥലത്ത് ഇടറോഡിൽ അറ്റാകുറ്റപണിക്കായി കുഴിച്ച കുഴിയിൽ ഒരു കാർ വീണു. പ്രദേശത്തുള്ളവർ അവിടേക്കെത്തി. ഡ്രൈവിംഗ് സീറ്റിൽ ഉണ്ടായിരുന്നത് എളയാവൂർ സ്വദേശിയും റിട്ട എസ് ഐയുമായ സെബാസ്റ്റ്യനായിരുന്നു. പിൻസീറ്റിന് താഴെ ഒരു നാടൻ തോക്കും നാട്ടുകാർ കണ്ടു. ചോദിച്ചപ്പോൾ പന്നിയെ വെടിവെക്കാൻ ലൈസൻസ് ഉണ്ടെന്നും അതിന് പോകുന്ന വഴിയെന്നും ഡ്രൈവർ മറുപടി നൽകി. സംശയം തോന്നി നാട്ടുകാർ ചക്കരക്കൽ പൊലീസിൽ വിവരം അറിയിച്ചു. ഇൻസ്‌പെക്ടർ ആസാദും സംഘവും സ്ഥലത്തെത്തി. സെബാസ്റ്റ്യൻ മദ്യലഹരിയിൽ ആയിരുന്നുവെന്നു പൊലീസ് പറയുന്നു. പന്നിയെ വെടിവെക്കാൻ വന്നതെന്ന് പൊലീസിനോടും ഇയാൾ പറഞ്ഞു. പരിശോധിച്ചതിൽ മൂന്ന് തിരകൾ കൂടി കീശയിൽ നിന്ന് കണ്ടെത്തി. തോക്കിനു ലൈസൻസ് ഇല്ലെന്നും വ്യക്തമായതോടെ റിട്ട എസ് ഐയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കി.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം