ബോർഡ് കെട്ടിയത് 'രാജീവ് ഗാന്ധിയുടെ കഴുത്തിൽ, നിങ്ങൾ തന്നെ ഇങ്ങനെ ചെയ്താലോ?' പിന്നാലെ അഴിച്ചുമാറ്റി
തൃശൂര്‍: രാജീവ് ഗാന്ധി ശില്‍പ്പത്തിന്റെ കഴുത്തില്‍ ചരട് കെട്ടി സമരാഗ്നി ബോർഡ് സ്ഥാപിച്ച സംഭവത്തിൽ വ്യാപക പ്രതിഷേധം. സോഷ്യൽ മീഡിയയിലടക്കം സംഭവം ചർച്ചയായതിന് പിന്നാലെ ബോർഡ് കോൺഗ്രസ് പ്രവർത്തകർ നീക്കം ചെയ്തു. രാജീവ് ഗാന്ധിയുടെ പ്രതിമയെ അവഹേളിക്കുന്ന തരത്തിൽ ബോര്‍ഡ് സ്ഥാപിച്ചതിനെതിരെ ആയിരുന്നു പ്രതിഷേധം. പ്രതിമയുടെ കഴുത്തില്‍ തന്നെ കയർ മുറുക്കി കെട്ടിയതാണ് ബോര്‍ഡ് വിവാദത്തിന് ഇടയാക്കിയത്.
കെ പി സി സി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും നയിക്കുന്ന സമരാഗ്‌നി ജനകീയ പ്രക്ഷോഭയാത്രയുടെ പോസ്റ്റര്‍ ബോര്‍ഡാണ് തൃശൂരിലെ കോണ്‍ഗ്രസ് നേതൃത്വത്തിനെ നാണക്കേടിലേക്ക് നയിച്ചത്. സമരാഗ്‌നിയുടെ വിജയത്തിനായി നാടൊട്ടാകെ പോസ്റ്ററും ബാനറും സ്ഥാപിക്കുന്നതിനിടെ ലൂര്‍ദ് പള്ളിക്ക് സമീപം രാജീവ് ഗാന്ധിയുടെ അര്‍ധകായ പ്രതിമയുടെ മുമ്പിലായിട്ടായിരുന്നു സ്ഥാപിച്ച ബോർഡ് സ്ഥാപിച്ചത്.
കെട്ടിയ ചരട് രാജീവ് ഗാന്ധിയുടെ കഴുത്തിലായത് രാജീവ് ഗാന്ധിയെ അപമാനിച്ചതിന് തുല്യമാണെന്ന് കോൺഗ്രസ് പ്രവർത്തകരും മറ്റുള്ളവരും വിമർശനവുമായി രംഗത്തെത്തി. നിങ്ങൾ തന്നെ ഇങ്ങനെ ചെയ്താലോ എന്നായി സോഷ്യൽ മീഡിയ കമന്റുകൾ. ഇതോടെയാണ് സംഭവത്തിന്റെ അപകടം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിരിച്ചറിഞ്ഞത്. ബോര്‍ഡ് വീഴാതെ ഇരിക്കാന്‍ ബലത്തിനു വേണ്ടി കെട്ടിയതാണെന്ന് പ്രവര്‍ത്തകർ വിശദീകരിച്ചെങ്കിലും, രാജീവ്ഗാന്ധിയുടെ പ്രതിമയോട് കോണ്‍ഗ്രസ് പ്രവര്‍ത്തകർ തന്നെ അനാദരവ് കാട്ടിയെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ ചർച്ചകൾ മുറുകി. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തതോടെ ജില്ലാ നേതൃത്വം നേരിട്ട് പ്രശ്‌നത്തില്‍ ഇടപെട്ട് പോസ്റ്റര്‍ നീക്കം ചെയ്യുകയായിരുന്നു.
