വേങ്ങര കാരാത്തോട് വെങ്കുളം സ്വദേശി സൈദലവി (63) ആണ് മരിച്ചത്

മലപ്പുറം: കടലുണ്ടി പുഴയിൽ അപകടത്തിൽപെട്ട വയോധികന്റെ മൃതദേഹം കണ്ടെത്തി. വേങ്ങര കാരാത്തോട് വെങ്കുളം സ്വദേശി സൈദലവി (63) യാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് ഇദ്ദേഹത്തെ കാണാതായത്. പുഴയിൽ വീണതാവാമെന്ന് സംശയമുണ്ടായിരുന്നു. ഇദ്ദേഹത്തിന്‍റെ ഡ്രസ്സ്, കുട എന്നിവ കാരാത്തോട് കടലുണ്ടിപ്പുഴയുടെ ഓരത്ത് സംശയാസ്പദമായ രീതിയിൽ കണ്ടതിനാൽ പുഴയിൽ വീണതാകുമെന്ന സംശയത്തിൽ സ്ഥലത്ത് ഫയർഫോഴ്‌സും പൊലീസും നാട്ടുകാരും തെരച്ചിൽ നടത്തിയിരുന്നു. എന്നാൽ കണ്ടെത്താൻ സാധിച്ചിരുന്നില്ല.

പിന്നീട് പരപ്പനങ്ങാടി അട്ട കുഴിങ്ങര പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തുകയായിരുന്നു. നാട്ടുകാർ വിവരമറിച്ചതിനെതുടർന്ന് പരപ്പനങ്ങാടി പൊലിസ് സ്ഥലത്തെത്തി നിയമപരമായ നടപടികൾ പൂർത്തിയാക്കി മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലെത്തിച്ചു. അവിടെ നിന്നാണ് ബന്ധുക്കൾ മൃതദേഹം തിരിച്ചറിഞ്ഞത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

അതേസമയം കേരളത്തിൽ ജൂൺ ആദ്യ ദിനങ്ങളിൽ അതിശക്ത മഴക്ക് സാധ്യതയില്ലെന്ന് കാലാവസ്ഥ വകുപ്പ്. ഇത് പ്രകാരം ജൂൺ നാലാം തിയതിവരെ സംസ്ഥാനത്ത് റെഡ്, ഓറഞ്ച് അലർട്ടുകളൊന്നും പ്രഖ്യാപിച്ചിട്ടില്ല. ചില ജില്ലകളിൽ യെല്ലോ അലർട്ട് മാത്രമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. സ്കൂൾ തുറക്കുന്ന ദിവസം കണ്ണൂർ, കാസർകോട് ജില്ലകളിൽ മാത്രമാണ് യെല്ലോ അലർട്ട് ഉള്ളത്. ജൂൺ 3 നാകട്ടെ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ജൂൺ 4 ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

മഞ്ഞ അലർട്ട്

02/06/2025 : കണ്ണൂർ, കാസർകോട്
03/06/2025 : കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
04/06/2025 : കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

കേരള - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് (02/06/2025) മത്സ്യബന്ധനത്തിന് തടസമില്ലെന്നും; നാളെ (03/06/2025) മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും, കർണാടക തീരത്ത് ഇന്നും നാളെയും (02/06/2025 & 03/06/2025) മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

03/06/2025: വടക്കൻ കേരള - ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 40 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

02/06/2025 & 03/06/2025 : കർണാടക തീരത്ത് മണിക്കൂറിൽ 35 മുതൽ 40 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.