ട്രെയിൻ പിറകോട്ടെടുത്ത് ഒന്നരമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് ബോഗികള്‍ കൂട്ടിച്ചേര്‍ത്തത്
കാസർകോട്: തൃക്കരിപ്പൂര്‍ ചന്തേരയില്‍ ഓടിക്കൊണ്ടിരുന്ന ചരക്ക് ട്രെയിൻ ബോഗികള്‍ വേര്‍പെട്ടു. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സംഭവം ഉണ്ടായത്. മംഗലാപുരം ഭാഗത്ത് നിന്നും പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന ചരക്ക് വണ്ടിയുടെ ബോഗികളാണ് വേര്‍പ്പെട്ടത്. വണ്ടി ചന്തേര റെയില്‍വേ സ്റ്റേഷന് സമീപം എത്തിയപ്പോള്‍ ഏഴാമത്തെ ബോഗിയില്‍ നിന്നുള്ള ബന്ധം വേര്‍പെടുകയായിരുന്നു. ട്രെയിൻ പിറകോട്ടെടുത്ത് ഒന്നരമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് ബോഗികള്‍ കൂട്ടിച്ചേര്‍ത്തത്.
അപകട കെണിയായി തകഴി റെയിൽവേ ക്രോസിംഗ്
അതേസമയം തകഴിയിൽ നിന്നുള്ള മറ്റൊരു വാർത്ത് സ്ഥലത്ത് അപകട കെണിയായി റെയിൽവേ ക്രോസിംഗ് മാറുകയാണ് എന്നതാണ്. അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയിൽ തകഴി റെയിൽവേ ക്രോസിംഗിലെ കോൺക്രീറ്റ് കേഡറിന്റെ കമ്പികളാണ് കോൺക്രീറ്റിന് പുറത്തായി അപകടകരമായ രീതിയിൽ പൊങ്ങി നിൽക്കുന്നത്. ദിവസേന നൂറ് കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന സ്ഥലത്ത് ഉയർന്ന് നിൽക്കുന്ന കമ്പിയിൽ ടയർ ഉടക്കി പൊട്ടാൻ സാധ്യത ഏറെയാണ്. റോഡിന്റെ മധ്യത്തിൽ നിരവധി ഭാഗങ്ങളിലായി കേഡറിൽ നിന്ന് കമ്പികൾ പുറത്തായി നിൽപ്പുണ്ട്. ഹെവി ലോഡുമായി പോകുന്ന അന്തർ സംസ്ഥാന വാഹനങ്ങൾ ഉൾപ്പെടെ ടോറസോ, ടിപ്പർ ലോറികളോ ക്രോസിംഗിൽ വെച്ച് പഞ്ചറായാൽ സംസ്ഥാന പാതയിലെ വാഹന ഗതാഗതവും ട്രയിൻ ഗതാഗതവും ഒരുപോലെ നിലയ്ക്കും. കഴിഞ്ഞ ദിവസം റെയിൽവേ പാളത്തിന്റെ അറ്റകുറ്റ പണിക്കായി നാല് ദിവസത്തോളം സംസ്ഥാന പാതയിലെ ഗതാഗതം ഭാഗികമായി നിർത്തി വെച്ചിരുന്നു. ക്രോസിംഗ് റോഡിൽ കേഡറിന്റെ പുറത്തായി നിൽക്കുന്ന കമ്പി മാറ്റി അറ്റകുറ്റപണി ചെയ്യാൻ അധിക്യതർ തയ്യാറായില്ല. കമ്പി തെളിഞ്ഞ് നിൽക്കുന്നത് കൂടാതെ പാളത്തിന്റെ ഇരുവശങ്ങളിലേയും റോഡ് കുഴിയായി കിടക്കുകയാണ്. ഇരുഭാഗങ്ങളിൽ നിന്ന് വാഹനങ്ങൾ കടന്നുപോകുമ്പോൾ ക്രോസിംഗ് റോഡിലെ ഗട്ടറിലൂടെ സാഹസികമായാണ് കടന്നുപോകുന്നത്. അപകടം പതിയിരിക്കുന്ന ക്രോസിംങ് റോഡിലെ കമ്പി തെളിഞ്ഞു നിൽക്കുന്ന കോൺക്രീറ്റ് കേഡർ മാറ്റി പുതിയത് സ്ഥാപിച്ചില്ലങ്കിൽ വൻ ദുരന്തത്തിന് സാധ്യതയുണ്ടെന്ന് യാത്രക്കാർ പറയുന്നു.
