ണ്ണാർക്കാട് നൊട്ടമല വളവിൽ വാഹനം താഴേക്ക് മറിഞ്ഞ് അഞ്ച് പേർക്ക് പരിക്കേറ്റു
പാലക്കാട്: മണ്ണാർക്കാട് നൊട്ടമല വളവിൽ വാഹനം താഴേക്ക് മറിഞ്ഞ് അഞ്ച് പേർക്ക് പരിക്കേറ്റു .നൊട്ടമല ഒന്നാം വളവിൽ നിന്ന് നിയന്ത്രണം വിട്ട ബോലേറോ താഴേക്ക് മറിയുകയായിരുന്നു. ഞായറാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. രാമനാട്ടുകരയിൽ പാലക്കാട്ടേക്ക് പോവുകയായിരുന്ന ബൊലേറോ ഒന്നാം വളവിൽ വച്ച് നിയന്ത്രണം വിട്ട് താഴേക്ക് മറിയുകയായിരുന്നു.
അപകടത്തിൽ യാത്രക്കാരായ മലപ്പുറം ചേളാരി റാസിക്ക്, ചേലേബ്ര നബീൽ, രാമനാട്ടുകര അജ്മൽ, ചേലേമ്പ്ര ആദിൽ, മലപ്പുറം നെച്ചിക്കാട്ടിൽ ഷിബിലി എന്നിവർക്ക് പരിക്കേറ്റു. ഒരാൾക്ക് മാത്രമാണ് സാരമായി പരിക്കേറ്റത്. ഇവരെ പെരിന്തൽ മണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വളവിലെ സുരക്ഷാ ഭിത്തിയും തകർത്താണ് വാഹനം താഴേക്ക് മറിഞ്ഞത്.
അതേസമയം,ഹരിപ്പാട് ബൈക്ക് മതിലിൽ ഇടിച്ചു യുവാവ് മരിച്ചു. ഒരാൾക്ക് പരിക്ക്. കാർത്തികപ്പള്ളി മഹാദേവികാട് നന്ദനത്തിൽ പരേതനായ സജികുമാറിന്റെ മകൻ ആകാശ് (22) ആണ് മരിച്ചത്. കാർത്തികപ്പള്ളി കുരിശുംമൂടിനടുത്തു വെച്ച് സൈക്കിളിലും തുടർന്ന് സമീപത്തെ വെൽഡിങ് വർക്ഷോപ്പിന്റെ മതിലിലും ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആകാശിനെ ഉടൻതന്നെ ആംബുലൻസ് ഹരിപ്പാട് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബൈക്ക് ഇടിച്ച സൈക്കിൾ യാത്രികന്‍ അശ്വിൻ മാധവിനെ (12) കാലിനു ഗുരുതര പരുക്കുമായി വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അനിതയാണ് ആകാശിന്റെ മാതാവ്. സഹോദരി അർച്ചന.

