സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്നും ഇടത് മുന്നണിയുടെ രാഷ്ട്രീയ അടിത്തറ ഭദ്രമാണെന്നും എ വി ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ഇടതുമുന്നണിക്ക് തിരിച്ചടി ഇല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്നും ഇടത് മുന്നണിയുടെ രാഷ്ട്രീയ അടിത്തറ ഭദ്രമാണെന്നും എ വി ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജില്ലാ കമ്മിറ്റികള്‍ ഈ മാസം തന്നെ ചേരുമെന്നും തോല്‍വിയുടെ കാരണങ്ങള്‍ പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എല്‍ഡിഎഫിനെ തോല്‍പ്പിക്കാന്‍ യുഡിഎഫും ബിജെപിയുമായി ധാരണയുണ്ടായിയെന്നും സിപിഎമ്മിനെതിരെ കപട മുദ്രാവാക്യം ഉണ്ടായെന്നും ഗോവിന്ദന്‍ ആരോപിച്ചു. സംസ്ഥാനമൊട്ടാകെ എടുത്താല്‍ ബിജെപി മുന്നേറ്റമില്ലെന്ന് പറഞ്ഞ ഗോവിന്ദന്‍, കോണ്‍ഗ്രസമുമായി ഒരിടത്തും സഹകരിക്കില്ലെന്നും വ്യക്തമാക്കി.
തിരുവനന്തപുരം കോർപ്പറേഷൻ കണക്കിൽ ഇടതുമുന്നണി തന്നെയാണ് മുന്നിലെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു. പരസ്പര ധാരണയോടെ യുഡിഎഫ് ബിജെപി നീക്കമാണ് തിരുവനന്തപുരത്ത് നടന്നത്. ആറ് സീറ്റിൽ തോറ്റത് ചെറിയ വോട്ടിനാണ്. തോൽവിയിൽ വിശദമായ പരിശോധന ഉണ്ടാകും. മുങ്ങുന്ന കപ്പലെന്ന് പറഞ്ഞവറുണ്ട്. അങ്ങനെ മുങ്ങുന്നില്ല എന്നാണ് സിപിഎം കണക്ക്. 58 സീറ്റിന്റെ കണക്ക് പറയുന്നവർ തളിപ്പറമ്പിലെ അടക്കം ഏകപക്ഷീയ ജയം കണക്കാക്കിയിട്ടില്ല. നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിക്കാനുള്ള രാഷ്ട്രീയ അടിത്തറ വോട്ട് കണക്കിൽ വ്യക്തമാണ്. ജില്ലാ പഞ്ചായത്ത് കണക്കെടുത്താൽ സ്ഥിതി വ്യക്തമാണ്. മധ്യകേരളത്തിലേയും മലപ്പുറത്തേയും വോട്ട് ചോർച്ച പ്രത്യേകം പരിശോധിക്കുമെന്നും എംവി ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ കൂട്ടിച്ചേര്‍ത്തു.
ജില്ലാ കമ്മിറ്റികൾ ഈ മാസം തന്നെ ചേരും. ഓരോയിടത്തും സ്ഥിതി പരിശോധിച്ച് ആവശ്യമായ തിരുത്തൽ വരുത്തുമെന്നും കൊല്ലം കോർപ്പറേഷൻ തോൽവി പ്രത്യേകം പരിശോധിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. സർക്കാരിന്റെ മികച്ച പ്രവർത്തനത്തിനിടയിലും തിരിച്ചടി ഉണ്ടായി. തെരഞ്ഞെടുപ്പില്‍ വർഗ്ഗീയ ശക്തികൾ ഒന്നിച്ചു. സൂക്ഷമതലത്തിൽ പരിശോധിച്ചാൽ ബിജെപിയുടെ പ്രവർത്തനം മെച്ചമല്ലെന്നും ജില്ലാപഞ്ചായത്തുകളിൽ കഴിഞ്ഞ തവണത്തെ സീറ്റ് പോലും ഇല്ലെന്ന് എം വി ഗോവിന്ദന്‍ പറയുന്നു. ശബരിമല ബന്ധപ്പെട്ട പന്തളത്ത് ഇടത് മുന്നണി നേട്ടമുണ്ടാക്കി. എൽഡിഎഫിനെ നേരിടാൻ ചില ഇടപെടൽ യുഡിഎഫും ബിജെപിയും തമ്മിലുണ്ടാക്കിയെന്ന് ആരോപിച്ച ഗോവിന്ദന്‍, കുതിരക്കച്ചവടത്തിലൂടെ അധികാരം പിടിച്ചെടുക്കാൻ സിപിഎമ്മില്ലെന്നും കൂട്ടിച്ചേര്‍ത്തു. സഹകരിക്കാൻ തയ്യാറുള്ള സ്വതന്ത്രർ അടക്കമുള്ളവരോട് വേണമെങ്കിൽ സഹകരിക്കും. പക്ഷേ, കോൺഗ്രസുമായി സഹകരണത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ശബരിമല ഏശിയില്ലെന്ന് എം വി ഗോവിന്ദന്‍
തെരഞ്ഞെടുപ്പില്‍ ശബരിമല ഏശിയില്ലെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു. ശബരിമല സ്വർണ്ണപ്പാളി കേസ് പ്രതിഫലിച്ചെങ്കിൽ ബിജെപി വലിയ വിജയം നേടുമായിരുന്നു. അന്വേഷണം പൂർണ്ണ തൃപ്തിയാകാതെ ആർക്കെതിരെയും നടപടി സ്വീകരിക്കില്ലെന്നും തെറ്റ് ചെയ്തവരെ സംരക്ഷിക്കില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.



