അമ്മയ്ക്കൊപ്പമുള്ള ലോട്ടറി വിൽപ്പന കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ ആണ് മഹേഷ് കുളത്തൂപ്പുഴയിൽ കുളിക്കാൻ എത്തിയത്. സഹപാഠിയും സമീപവാസിയുമായ ഫാറൂഖും, ഫാറൂഖിന്റെ സഹോദരിയും മഹേഷിനൊപ്പം കടവിൽ എത്തിയിരുന്നു.

കൊല്ലം: കുളത്തൂപ്പുഴയാറ്റിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. ഏരൂർ കാഞ്ഞുവയൽ മഹേഷ് ഭവനിൽ മഹേഷ് (18) ആണ് മുങ്ങി മരിച്ചത്. കുളത്തൂപ്പുഴശാസ്താ ക്ഷേത്രത്തിന്റെ കടവിന് സമീപം കന്നാർ കയത്തിലായിരുന്നു അപകടം. കൂട്ടുകാരനൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോഴാണ് ഒഴുക്കിൽപ്പെട്ടത്. കഴിഞ്ഞദിവസം വൈകിട്ട് ആറുമണിയോടെയാണ് മഹേഷും സുഹൃത്തും കുളിക്കാൻ ഇറങ്ങിയത്. കുളത്തൂപ്പുഴയിൽ ലോട്ടറി വില്പന നടത്തുന്ന അമ്മ ഷൈനിയെ സഹായിക്കാൻ എത്തിയതായിരുന്നു മഹേഷ്. 

Add Asianetnews as a Preferred SourcegooglePreferred

അമ്മയ്ക്കൊപ്പമുള്ള ലോട്ടറി വിൽപ്പന കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ ആണ് മഹേഷ് കുളത്തൂപ്പുഴയിൽ കുളിക്കാൻ എത്തിയത്. സഹപാഠിയും സമീപവാസിയുമായ ഫാറൂഖും, ഫാറൂഖിന്റെ സഹോദരിയും മഹേഷിനൊപ്പം കടവിൽ എത്തിയിരുന്നു. ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ അയ്യപ്പഭക്തർ ക്ഷേത്രക്കടവിൽ കുളിക്കുന്നതിനാലാണ് കന്നാർ കയത്തിന് സമീപത്തേക്ക് ഇവർ കുളിക്കാനായി മാറിയത്. മഹേഷിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഫാറൂഖും ഒഴുക്കിൽപ്പെടുകയായിരുന്നു. 

ഇതു കണ്ട് സമീപത്ത് ഉണ്ടായിരുന്നവർ നിലവിളിച്ചതോടെ നാട്ടുകാർ ഓടി കൂടി. പുഴയിൽ ചാടിയ നാട്ടുകാരാണ് ഫാറൂഖിനെ രക്ഷപ്പെടുത്തിയത്. ഏറെ നേരത്തെ തെരച്ചിലിന് ഒടുവിൽ മഹേഷിനെ പുഴയുടെ അടിത്തട്ടിൽ നിന്നും കണ്ടെത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തിച്ച് മരണം സ്ഥിരീകരിച്ച് മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.