മൈസുരു: അപ്രതീക്ഷിതമായുണ്ടായ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് 12 വയസ്സുകാരൻ. തന്റെ മനോധൈര്യം ഒന്നുകൊണ്ട് മാത്രമാണ് കുട്ടി രക്ഷപ്പെട്ടത്. തോളിൽ കടിച്ച പുലിയുടെ കണ്ണിൽ കൈവിരൽ കുത്തിയിറക്കിയാണ് നന്ദൻ എന്ന 12 കാരൻ അതിസാഹസികമായി രക്ഷപ്പെട്ടത്. കണ്ണിൽ വിരൽ കുത്തിയിറക്കിയതോടെ വേദന സഹിക്കാതെ പുലി തോളിലെ കടിവിട്ട് കുറ്റിക്കാട്ടിലേക്ക് ഓടി മറയുകയായിരുന്നു. 

മൈസുരുവിലെ ബീര​ഗൗഡനഹുണ്ഡി ​ഗ്രാമത്തിലാണ് ഞായറാഴ്ച രാത്രി പുലിയുടെ ആക്രമണമുണ്ടായത്. പിതാവിന്റെ ഫാം ഹൗസിൽ കാലികൾക്ക് തീറ്റകൊടുക്കാൻ എത്തിയപ്പോഴാണ് നന്ദനെ പുലി ആക്രമിച്ചത്. വൈക്കോലിനുള്ളിൽ മറഞ്ഞിരുന്ന പുലി നന്ദന് മേലേക്ക് ചാടി വീഴുകയായിരുന്നു. ഉടൻ പുലിയുടെ കണ്ണിൽ‌ കുത്തുകയും ഉറക്കെ നിലവിളിക്കുകയും ചെയ്തതുകൊണ്ട് നന്ദൻ രക്ഷപ്പെട്ടു.

തോളിൽ കടിയേറ്റ നന്ദനെ ഉടൻ ആശുപത്രിയിലെത്തിച്ച് വൈദ്യസഹായം ഉറപ്പാക്കി. കുട്ടി അപകടനില തരണം ചെയ്തു. പുലി ആക്രമിക്കുമ്പോൾ പിതാവ് തൊട്ടടുത്ത് ഉണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന് ഒന്നും ചെയ്യാനായിരുന്നില്ല. അതിന് മുമ്പ് നന്ദൻ സ്വയം പ്രതിരോധം തീർത്തിരുന്നു.