പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയില്‍ അന്വേഷണത്തിന് പൊലീസുകാര്‍ 15,000 രൂപ കൈക്കൂലി വാങ്ങി. സംഭവം വിവാദമായതോടെ പണം പെണ്‍കുട്ടിയുടെ അച്ഛന് വീട്ടിലെത്തി മടക്കി നല്‍കി. ആലപ്പുഴ കളര്‍കോട് സ്വദേശിനിയായ 17കാരിയെയാണ് കഴിഞ്ഞ 28ന് കാണാതായത്. 

ആലപ്പുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയില്‍ അന്വേഷണത്തിന് പൊലീസുകാര്‍ 15,000 രൂപ കൈക്കൂലി വാങ്ങി. സംഭവം വിവാദമായതോടെ പണം പെണ്‍കുട്ടിയുടെ അച്ഛന് വീട്ടിലെത്തി മടക്കി നല്‍കി. 

ആലപ്പുഴ കളര്‍കോട് സ്വദേശിനിയായ 17കാരിയെയാണ് കഴിഞ്ഞ 28ന് കാണാതായത്. പറവൂര്‍ സ്വദേശിയായ യുവാവ് തട്ടിക്കൊണ്ടുപോയെന്നാണ് സംശയം. ഇതേത്തുടര്‍ന്ന് അന്നു തന്നെ ആലപ്പുഴ സൗത്ത് പൊലീസില്‍ പരാതി നല്‍കി. പെണ്‍കുട്ടി ബംഗളൂരുവിലേക്ക് കടക്കാനാണ് സാദ്ധ്യതയെന്നും അങ്ങോട്ടേക്കു പോകാന്‍ ഇന്നോവ കാറും ഡ്രൈവറും വേണമെന്നാണ് പൊലീസുകാരായ സാജു, ബിനോ എന്നിവര്‍ പെണ്‍കുട്ടിയുടെ അച്ഛനോട് ആവശ്യപ്പെട്ടത്. പിന്നീട് 15,000 രൂപ നല്‍കിയാല്‍ മതിയെന്ന് ആവശ്യപ്പെട്ടു. ഇതുപ്രകാരം ആവശ്യപ്പെട്ട പണം പൊലീസുകാര്‍ക്ക് നല്‍കി. എന്നാല്‍ യാതൊരു അന്വേഷണവും നടന്നില്ല. 

കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ അച്ഛന് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ സൗത്ത് സ്റ്റേഷന്‍ ക്രൈംനമ്പര്‍ ആവശ്യപ്പെട്ടു. ഇതോടെയാണ് തങ്ങള്‍ കുടുങ്ങുമെന്ന് പൊലീസുകാര്‍ക്ക് മനസ്സിലായത്. ഇതുനു പിന്നാലെ വെള്ളിയാഴ്ച പെണ്‍കുട്ടിയുടെ വീട്ടിലെത്തി അച്ഛനെ നിര്‍ബ്ബന്ധിച്ച് പണം മടക്കി നല്‍കുകയായിരുന്നു. എന്നാല്‍ പണം വാങ്ങാന്‍ അച്ഛന്‍ തയ്യാറായില്ല. ഇതോടെ പണം വീട്ടില്‍വച്ചിട്ട് പൊലീസുകാര്‍ കടന്നുകളയുകയായിരുന്നു. പൊലീസുകാരുടെ നടപടിക്കെതിരെ സിഐയോട് പരാതിപ്പെട്ടെങ്കിലും തനിക്ക് ഉത്തരവാദിത്വമില്ലെന്ന നിലപാടായിരുന്നു അദ്ദേഹത്തിന്റേതെന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ പറഞ്ഞു.