തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പിന്നിൽ നിന്ന് കുത്തിയെന്നും, രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ ഇരട്ടത്താപ്പാണ് പതിറ്റാണ്ടുകൾ പഴക്കമുള്ള സഖ്യം തകരാൻ കാരണമെന്നും ഡിഎംകെ മുഖപത്രമായ 'മുരശൊലി'യിലൂടെ ആരോപിക്കുന്നു. 

ന്യൂഡൽഹി/ചെന്നൈ: ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രാദേശിക പാർട്ടികളുടെ പിന്തുണ തേടുകയും സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ അവരെ തോൽപ്പിക്കാൻ അണിയറ നീക്കങ്ങൾ നടത്തുകയും ചെയ്യുന്ന കോൺഗ്രസിന്‍റെയും രാഹുൽ ഗാന്ധിയുടെയും രാഷ്ട്രീയ ഇരട്ടത്താപ്പിനെതിരെ ആഞ്ഞടിച്ച് മുൻ സഖ്യകക്ഷിയായ ഡിഎംകെ. തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ സഖ്യത്തിൽ തുടർന്നുകൊണ്ട് തന്നെ കോൺഗ്രസ് ഡിഎംകെയെ പിന്നിൽ നിന്ന് കുത്തിയെന്നും, രാഹുൽ ഗാന്ധിയുടെ പൂർണ്ണ അനുഗ്രഹത്തോടെ നടന്ന ഈ ചതിയാണ് പതിറ്റാണ്ടുകൾ പഴക്കമുള്ള ഡിഎംകെ-കോൺഗ്രസ് സഖ്യത്തിന്‍റെ തകർച്ചയ്ക്ക് കാരണമായതെന്നും പാർട്ടി ഔദ്യോഗികമായി കുറ്റപ്പെടുത്തി. ഡിഎംകെയുടെ മുഖപത്രമായ 'മുരശൊലി'യിൽ എഴുതിയ മുഖപ്രസംഗത്തിലാണ് രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ പക്വതയില്ലായ്മയെയും അവിശ്വസ്തതയെയും കടന്നാക്രമിച്ചുകൊണ്ട് കടുത്ത ഭാഷയിലുള്ള വിമർശനം ഉന്നയിച്ചിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അടുത്തിടെ നടന്ന 'ഇന്ത്യ' മുന്നണി യോഗത്തിൽ പ്രതിപക്ഷ ഐക്യത്തെക്കുറിച്ച് രാഹുൽ ഗാന്ധി സംസാരിച്ചതിനെ വൈകിവന്ന വിവേകമെന്ന് മുഖപത്രം പരിഹസിച്ചു. മുന്നണിയിലെ ഭൂരിഭാഗം കക്ഷികളും കോൺഗ്രസിനെതിരെ തിരിയുകയും ലോക്സഭയിലെ പ്രതിപക്ഷ നേതാവെന്ന നിലയിൽ രാഹുലിന് മേൽ സമ്മർദ്ദം ശക്തമാകുകയും ചെയ്തപ്പോഴാണ് അദ്ദേഹത്തിന് തിരിച്ചറിവുണ്ടായത്. ഓരോ സംസ്ഥാനത്തും പ്രതിപക്ഷ ഐക്യം തകർത്തത് രാഹുൽ ഗാന്ധി തന്നെയല്ലേ എന്ന് മുരശൊലി ചോദിക്കുന്നു.

ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടിയും ബിഹാറിൽ ആർജെഡിയും കേരളത്തിൽ ഇടതുപക്ഷവും രാഹുലിന്‍റെ പെരുമാറ്റത്തെയും നിലപാടുകളെയും ഒരുപോലെ ശക്തമായി വിമർശിച്ചിട്ടുണ്ട്. രാജ്യത്ത് ബിജെപി വിരുദ്ധ വികാരത്തേക്കാൾ കോൺഗ്രസ് വിരുദ്ധ വികാരം മുന്നണി യോഗത്തിൽ ചർച്ചയാകാൻ കാരണം രാഹുലിന്‍റെ പക്വതയില്ലായ്മയാണ്. തമിഴ്‌നാട്ടിൽ ഡിഎംകെ വിട്ട് ഭരണകക്ഷിയായ ടിവികെയുടെ (തമിഴക വെട്രി കഴകം) കൂടെപ്പോയ കോൺഗ്രസ്, ഇപ്പോൾ ടിവികെ തലവൻ 'ഇന്ത്യ' മുന്നണിയിലേക്ക് ഇല്ലെന്ന് വ്യക്തമാക്കിയതോടെ ഡിഎംകെയെ സുഖിപ്പിക്കാൻ നോക്കുകയാണെന്നും മുഖപ്രസംഗം പരിഹസിക്കുന്നു.

കേരള നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങൾ തികച്ചും അസംബന്ധമായിരുന്നുവെന്ന് മുഖപത്രം ചൂണ്ടിക്കാട്ടുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി എന്തുകൊണ്ടാണ് പിണറായി വിജയനെ അറസ്റ്റ് ചെയ്യാത്തതെന്നും ഇരുവരും തമ്മിൽ രഹസ്യ ധാരണയുണ്ടെന്നുമുള്ള രാഹുലിന്‍റെ ആരോപണം തികച്ചും അടിസ്ഥാനരഹിതമാണെന്ന് സിപിഎം രാജ്യസഭാ എംപി ജോൺ ബ്രിട്ടാസ് 'ഇന്ത്യ' മുന്നണി യോഗത്തിൽ തുറന്നടിച്ചിരുന്നു. ബിജെപി വിരുദ്ധത തെളിയിക്കാൻ ഇടതുപക്ഷത്തിന് കോൺഗ്രസിന്‍റെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് വ്യക്തമാക്കിയ ബ്രിട്ടാസ്, രാഹുൽ ഗാന്ധി കേരളത്തിൽ വന്ന് അസംബന്ധം വിളിച്ചു പറയുകയായിരുന്നുവെന്നും കുറ്റപ്പെടുത്തി.

'ഇടതുപക്ഷം ഇപ്പോൾ ഇടതുപക്ഷമല്ല' എന്ന രാഹുലിന്‍റെ പ്രസ്താവന അദ്ദേഹത്തിന്റെ രാഷ്ട്രീയ അപക്വതയുടെ ലക്ഷണമാണെന്നാണ് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ പ്രതികരിച്ചത്. പാർലമെന്‍റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കെട്ടിപ്പിടിച്ച രാഹുൽ ഗാന്ധിക്ക് പിണറായി വിജയനെ കെട്ടിപ്പിടിക്കാൻ കഴിയില്ലെന്ന് പറയുന്നത് എന്ത് ന്യായമാണെന്ന് മുരശൊലി ചോദിക്കുന്നു. പിണറായി വിജയനെ അറസ്റ്റ് ചെയ്യാൻ ഇഡിക്ക് ഒത്താശ പാടുന്ന പണി നിർത്തി പ്രതിപക്ഷ നേതാവിന്‍റെ ജോലി മര്യാദയ്ക്ക് ചെയ്യാനാണ് മാർക്സിസ്റ്റ് നേതാക്കൾ രാഹുലിനോട് ആവശ്യപ്പെടുന്നത്.

മുന്നണിയിലെ മറ്റ് പ്രമുഖ നേതാക്കളായ അഖിലേഷ് യാദവും തേജസ്വി യാദവും കോൺഗ്രസിന്‍റെ നിലപാടുകളിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയതായി മുഖപ്രസംഗത്തിൽ പറയുന്നു. ഡിഎംകെയും ആം ആദ്മിയും മുന്നണി വിട്ടത് വലിയ തിരിച്ചടിയാണെന്നും സഖ്യത്തിന്‍റെ ഭാവി പുനഃപരിശോധിക്കണമെന്നുമാണ് അഖിലേഷ് യാദവ് ആവശ്യപ്പെട്ടത്. ബിഹാറിൽ പല വിഷയങ്ങളിലും കോൺഗ്രസും ബിജെപിയും തമ്മിൽ രഹസ്യ ധാരണയുണ്ടോ എന്ന് തേജസ്വി യാദവും സംശയം പ്രകടിപ്പിച്ചു. മുന്നണി കക്ഷികളുടെ വിമർശനം വിഷം തൊണ്ട തൊടാതെ വിഴുങ്ങിയ ശിവനെപ്പോലെ കോൺഗ്രസ് സഹിക്കുമെന്ന രാഹുലിന്‍റെ ഉപമയ്ക്കും ഡിഎംകെ മറുപടി നൽകി. പുരാണത്തിൽ ശിവൻ വിഷം കുടിച്ചത് ലോകത്തെ രക്ഷിക്കാനാണ്, അല്ലാതെ ആ വിഷം ഉണ്ടാക്കിയത് ശിവനല്ല. എന്നാൽ 'ഇന്ത്യ' മുന്നണിയിൽ അമൃതിന് പകരം വിഷം കടഞ്ഞെടുത്തത് ആരാണെന്ന് രാജ്യം കാണുന്നുണ്ടെന്ന് പറഞ്ഞാണ് ഡിഎംകെ മുഖപത്രം മുഖപ്രസംഗം അവസാനിപ്പിക്കുന്നത്.