ഒരാളെ ഇടിച്ചിട്ട് കാർ നിർത്താതെ പോവുക. പൊലീസ് പിടിക്കുമെന്നായപ്പോൾ ആൾമാറാട്ടം നടത്തി കീഴടങ്ങുക. കാർ രൂപമാറ്റം വരുത്തി തെളിവ് നശിപ്പിക്കാൻ ശ്രമിക്കുക. വിചിത്ര സംഭവങ്ങളാണ് കണ്ണൂര്‍ മട്ടന്നൂരില്‍ നടന്നത്.

മട്ടന്നൂര്‍: റോഡിന് സൈഡിലൂടെ നടന്ന് പോവുകയായിരുന്ന അധ്യാപകനെ ഇടിച്ചിട്ട് പോയ സംഭവത്തില്‍ പിടിവീഴുമെന്നായപ്പോള്‍ ആള്‍മാറാട്ടം നടത്തി കീഴടങ്ങാനും തെളിവ് നശിപ്പിക്കാനും ശ്രമിച്ച സഹോദരന്മാര്‍ പിടിയിലായത് പൊലീസിനെ കബളിപ്പാക്കുനുള്ള ശ്രമത്തിനിടെ. ഒരാളെ ഇടിച്ചിട്ട് കാർ നിർത്താതെ പോവുക. പൊലീസ് പിടിക്കുമെന്നായപ്പോൾ ആൾമാറാട്ടം നടത്തി കീഴടങ്ങുക. കാർ രൂപമാറ്റം വരുത്തി തെളിവ് നശിപ്പിക്കാൻ ശ്രമിക്കുക. വിചിത്ര സംഭവങ്ങളാണ് കണ്ണൂര്‍ മട്ടന്നൂരില്‍ നടന്നത്.

സെപ്തംബര്‍ 9ന് രാത്രി 10 മണിയോടെയാണ് മട്ടന്നൂരിലെ ഇല്ലം ഭാഗത്ത് വച്ചാണ് ഒരു വാഹനം ഇടിച്ചിട്ടു. വാഹനം നിര്‍ത്താതെ പോയി. ഗുരുതരമായി പരിക്കേറ്റ അധ്യാപകന്‍ പ്രസന്ന കുമാർ രണ്ട് ദിവസം കഴിഞ്ഞ് മരിച്ചു. എന്നാല്‍ ഇടിച്ചിട്ട വാഹനം പൊലീസിന് കണ്ടെത്താനായിരുന്നില്ല. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് അപകടമുണ്ടാക്കിയത് ചുവന്ന കാറാണെന്ന് കണ്ടെത്തിയിരുന്നു. രണ്ട് ദിവസത്തിന് ശേഷം ഒരാള്‍ സ്റ്റേഷനില്‍ വന്ന് തന്റെ വാഹനം ഒരാളെ ഇടിച്ചെന്നും അപകടമുണ്ടായെന്നും കീഴടങ്ങാനെത്തിയതാണെന്നും പൊലീസിനെ അറിയിച്ചു.

വണ്ടി കണ്ടെത്തുമെന്ന ഘട്ടമെത്തിയപ്പോഴാണ് യുവാവ് നാടകീയമായി എത്തി കീഴടങ്ങിയത്. എന്നാല്‍ ലിപിന്‍ എന്ന യുവാവില്‍ നിന്ന് മൊഴിയെടുത്ത പൊലീസ് പല സംശയങ്ങളും തോന്നിയതോടെ അറസ്റ്റ് രേഖപ്പെടുത്താതെ വിട്ടയക്കുകയായിരുന്നു. അന്വേഷണം തുടർന്ന പൊലീസ് യഥാർത്ഥ പ്രതിയെ കണ്ടെത്തി. ലിപിന്‍റെ സഹോദരൻ ലിജിനായിരുന്നു അപകടമുണ്ടാക്കിയ കാര്‍ ഓടിച്ചത്. ജ്യേഷ്ഠൻ കുറ്റമേറ്റതിന്‍റെ കാരണവും ചോദ്യം ചെയ്യലിൽ വ്യക്തമായി. വിദേശത്തേക്ക് പോകാന്‍ വിസ അടക്കമുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായതിന് ഇടയ്ക്കാന്‍ അപകടമുണ്ടായത്. കേസ് അന്വേഷണം ശക്തമായതോടെ ആളെ മാറ്റി രക്ഷപ്പെടാൻ മാത്രമല്ല, തെളിവ് നശിപ്പിക്കാനും സഹോദരങ്ങള്‍ ശ്രമിച്ചുവെന്നാണ് പൊലീസ് വിശദമാക്കുന്നത്.

കൂത്തുപറമ്പിലെ വർക്ക് ഷോപ്പില്‍ അപകടമുണ്ടായതിന്‍റെ പിറ്റേന്ന് വണ്ടിയെത്തിച്ചു. പൊട്ടിയ ചില്ലും മറ്റ് കേടുപാടുകളും മാറ്റാനും ഇവർ ശ്രമിച്ചു. പൊലീസ് എത്തുമ്പോഴേയ്ക്കും പൊട്ടിയ ചില്ല് പുഴയില്‍ ഉപേക്ഷിക്കാനും സഹോദരങ്ങള്‍ക്ക് സാധിച്ചിരുന്നു. ദൃക്സാക്ഷി ഇല്ലാത്ത കേസായതിനാലാണ് രക്ഷപ്പെടാൻ വഴി നോക്കിയതെന്നാണ് സഹോദരന്മാര്‍ പറയുന്നത്. എന്നാല്‍ പൊലീസിന്റെ സംശയം മൂലം അത് നടന്നില്ല. കേസില്‍ സഹോദരൻമാരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം