തിരുവല്ല: കരാർകാലാവധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴും പണി എവിടെയുമെത്താതെ തിരുവല്ല ബൈപ്പാസ്. കഴിഞ്ഞ മാർച്ചിൽ ഗതാഗതത്തിന് തുറന്നു കൊടുക്കുമെന്ന് പ്രഖ്യാപിച്ച പദ്ധതിയാണ് ഇപ്പോഴും ഇഴഞ്ഞ് നീങ്ങുന്നത്. ബൈപ്പാസിലൂടെ യാത്ര ചെയ്യാൻ ഇനിയുമൊരു ആറ് മാസം കൂടി കാത്തിരിക്കണമെന്നാണ് അധികൃതർ പറയുന്നത്.

രാവിലെയും വൈകുന്നേരവും മണിക്കൂറുകളോളം നീളുന്ന ഗതാഗതക്കുരുക്കാണ് നഗരത്തിൽ അനുഭവപ്പെടുന്നത്. അതിനുള്ള ഏക പരിഹാരമാണ് രണ്ടരക്കിലോമീറ്റർ വരുന്ന ഈ ബൈപ്പാസാണ്. എന്നാൽ പണി നടക്കുന്നത് സാവധാനവും. പലവട്ടം മുടങ്ങിയ പണികൾ പുനരാരംഭിച്ച് ഇക്കഴിഞ്ഞ മാർച്ചിൽ ബൈപ്പാസ് തുറന്നു നൽകുമെന്നായിരുന്നു അവസാനത്തെ പ്രഖ്യാപനം. നിർമ്മാണ കരാർകാലാവധി തീരാൻ ഇനിയുള്ളത് അഞ്ച് ദിവസം മാത്രം.

ഇനിയും ഒരു ആറ് മാസം കൂടി കാത്തിരിക്കണമെന്നാണ് അധികൃതരുടെ ഇപ്പോഴത്തെ വാദം. പണിതിട്ടും പണിതിട്ടും തീരാത്ത ബൈപ്പാസ് ജനങ്ങളുടെ ക്ഷമയെ പരീക്ഷിക്കുകയാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു. എന്നാൽ കരാർ കാലാവധി നീട്ടിക്കൊടുക്കാൻ തടസ്സമില്ലെന്നും 2020 മാർച്ചിൽ ബൈപ്പാസ് തുറന്നു കൊടുക്കുമെന്നാണ് കെഎസ്ടിപിയുടെ ഇപ്പോഴത്തെ നിലപാട്.