ഗുരുവായൂര്‍ നഗരസഭയില്‍ എല്‍ഡിഎഫ് തുടര്‍ച്ചയായി ആറാം തവണയും ഭരണം നിലനിര്‍ത്തി. 46 സീറ്റുകളില്‍ 26 എണ്ണം നേടിയാണ് എല്‍ഡിഎഫ് വിജയിച്ചത്, അതേസമയം യുഡിഎഫ് 17 സീറ്റുകള്‍ നേടി നില മെച്ചപ്പെടുത്തി.  

തൃശൂര്‍: ഗുരുവായൂര്‍ നഗരസഭയില്‍ തുടര്‍ച്ചയായി ആറാം തവണയും വിജയക്കൊടി പാറിച്ച് എല്‍ഡിഎഫ്. 46 സീറ്റില്‍ 26 എണ്ണവും സ്വന്തമാക്കിയാണ് എൽഡിഎഫ് ഭരണം നിലനിര്‍ത്തിയത്. യുഡിഎഫിന് കഴിഞ്ഞതവണ 12 സീറ്റ് ഉണ്ടായിരുന്നത് ഇത്തവണ 17 സീറ്റായി വര്‍ദ്ധിപ്പിക്കാനായെങ്കിലും ഭരണ പ്രതീക്ഷ അസ്ഥാനത്തായി. എന്‍ഡിഎക്ക് കഴിഞ്ഞ തവണയുണ്ടായിരുന്ന രണ്ട് സീറ്റ് നിലനിര്‍ത്താന്‍ മാത്രമാണ് സാധിച്ചത്. കഴിഞ്ഞ തവണ ഒരു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാണ് നഗരസഭയില്‍ വിജയിച്ചത്. അത് ഇത്തവണയും ആവര്‍ത്തിച്ചു. എല്‍ഡിഎഫ് 26, യുഡിഎഫ് 17, എന്‍ഡിഎ രണ്ട്, സ്വതന്ത്രന്‍ 1 എന്നിങ്ങനെയാണ് കക്ഷിനില.

സിപിഎമ്മിന്റെ 31 സ്ഥാനാര്‍ത്ഥികളില്‍ 12 പേരും സിപിഐയുടെ 8 സ്ഥാനാര്‍ത്ഥികള്‍ ഉണ്ടായിരുന്നതില്‍ മൂന്നുപേരും എല്‍ഡിഎഫ് സ്വതന്ത്രരായി മത്സരിച്ച ഏഴ് പേരില്‍ മൂന്നു പേരുമാണ് ജയിച്ചത്. മത്സരിച്ച മൂന്ന് സീറ്റിലും മുസ്ലിം ലീഗ് ജയം നേടി. മുസ്ലിംലീഗിന് പുറമേ യുഡിഎഫ് നല്‍കിയ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് ദയനീയ പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ നാലു വാര്‍ഡുകളില്‍ മൂന്നാം സ്ഥാനത്തായി. ഇതില്‍ മൂന്നു വാര്‍ഡുകളില്‍ എന്‍ഡിഎയും ഒരു വാര്‍ഡില്‍ യുഡിഎഫും രണ്ടാം സ്ഥാനം നേടി.

33 ആം വാര്‍ഡില്‍ മൂന്നു വോട്ടിനാണ് എല്‍ഡിഎഫിന് പരാജയപ്പെട്ടത്. 44ആം വാര്‍ഡില്‍ നിന്ന് വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ഥി ആന്റോ തോമസാണ് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം നേടിയത്. 485 വോട്ടിന്റെ ഭൂരിപക്ഷത്തിന് ഇദ്ദേഹം ജയിച്ചു. വിജയിച്ച സ്ഥാനാര്‍ത്ഥികള്‍ നഗരത്തില്‍ പ്രകടനം നടത്തി. എല്‍ഡിഎഫിന്റെ നേതൃത്വത്തിലുള്ള ആഹ്ലാദപ്രകടനം ഞായറാഴ്ച വൈകിട്ട് നടക്കും. വൈകിട്ട് നാലിന് കിഴക്കേനടയില്‍ നിന്ന് ആരംഭിച്ച് നഗരം ചുറ്റി സമാപിക്കും. വിജയിച്ച സ്ഥാനാര്‍ത്ഥികള്‍ 21ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും.