കുപ്രസിദ്ധ മോഷ്ടാവ് മൊട്ട ബിനുവിനെ ആറന്മുള പൊലീസ് എരുമേലിയിൽ വെച്ച് ഓടിച്ചിട്ട് പിടികൂടി. സ്കൂട്ടർ മോഷണക്കേസിൽ തിരയുന്നതിനിടെയാണ് നാടകീയമായി ഇയാൾ പിടിയിലായത്. ബിനുവിൻ്റെ അറസ്റ്റ് കൂടുതൽ കവർച്ചാ കേസുകൾക്ക് തുമ്പുണ്ടാക്കുമെന്ന് പൊലീസ് അറിയിച്ചു.
ആറന്മുള: കുപ്രസിദ്ധ മോഷ്ടാവ് മൊട്ട ബിനുവിനെ പൊലീസ് ഓടിച്ചിട്ട് പിടികൂടി. ആറന്മുള പൊലീസാണ് എരുമേലി മുക്കട ഭാഗത്ത് നിന്ന് ബിനുവിനെ പിടികൂടിയത്. കഴിഞ്ഞ ദിവസം ആറന്മുള തെക്കേമലയിൽ നിന്ന് സ്കൂട്ടറും സാനിറ്ററി ഷോപ്പിൽ നിന്ന് സാധനങ്ങളും ബിനു മോഷ്ടിച്ചിരുന്നു. ഈ കേസിൽ ഇയാൾക്കായി തിരച്ചിൽ നടത്തുന്നതിനിടെയാണ് പ്രതി അറസ്റ്റിലായത്. മൂന്ന് മാസം മുൻപ് ഉടമ വായ്പയെടുത്ത് വാങ്ങിയ സ്‌കൂട്ടർ മോഷ്‌ടിച്ച ബിനുവിനെ പൊലീസ് തിരയുകയായിരുന്നു.
എരുമേലി ഭാഗത്ത് ഇയാളെ കണ്ട പൊലീസുകാർ, ഇയാളോട് നിൽക്കാൻ ആവശ്യപ്പെട്ടു. എന്നാൽ പൊലീസാണെന്ന് മനസിലാക്കിയ ബിനു ഉടൻ ജീവനും കൊണ്ടോടി. മഫ്‌തിയിലായിരുന്ന പൊലീസുകാർ പിന്നാലെ ഓടി. പിടി.. പിടി... കള്ളൻ എന്ന് അലറിവിളിച്ചുകൊണ്ടാണ് പൊലീസുകാർ ബിനുവിൻ്റെ പിന്നാലെ ഓടിയത്. നാട്ടുകാർ അമ്പരന്ന് നോക്കിനിൽക്കെ ബിനു പിടിയിലായി. ഓടിക്കിതച്ച ബിനുവിനെ കടയ്ക്ക് സമീപത്ത് ഇരുത്തിയ പൊലീസുകാർ ഇയാളോട് സംസാരിക്കുന്നതും നാട്ടുകാർ രോഷത്തോടെ ചോദ്യങ്ങൾ ചോദിക്കുന്നതിൻ്റെയും വീഡിയോ പുറത്തുവന്നിട്ടുണ്ട്. സ്വർണ കവർച്ച ഉൾപ്പെടെ കൂടുതൽ കേസുകളിൽ തുമ്പുണ്ടാക്കുന്നതാണ് ബിനുവിൻ്റെ അറസ്റ്റെന്ന് പൊലീസ് പറഞ്ഞു.


