കോട്ടയം: മെഡിക്കല്‍ കോളേജ് ആശുപത്രി പരിസരത്ത് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം ലോട്ടറി വില്‍പ്പനക്കാരി പൊന്നമ്മയുടേതാണെന്ന് സ്ഥിരീകരിച്ചു. തലയ്ക്ക് അടിയേറ്റാണ് മരണം സംഭവിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണെന്നും പൊലീസ് അറിയിച്ചു.

പൊന്നമ്മയുടെ മകളാണ് കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളേജില്‍ എത്തി മൃതദേഹം തിരിച്ചറിഞ്ഞത്.  മൃതദേഹം ദ്രവിച്ച് പോയതിനാല്‍ ചില ശാസ്ത്രീയ പരിശോധനകള്‍ കൂടി നടത്തിയാണ് മരിച്ചത് പൊന്നമ്മയാണെന്ന് സ്ഥിരീകരിച്ചത്. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ക്യാന്‍സര്‍ വാര്‍ഡിന് സമീപത്തെ മാലിന്യകൂമ്പാരത്തില്‍ നിന്നാണ് ദിവസങ്ങള്‍ക്ക് മുമ്പ് മൃതദേഹം കണ്ടെത്തിയത്. കല്ലോ ഭാരമേറിയ വസ്തുവോ മൂലം തലയ്ക്കടിയേറ്റാണ് പൊന്നമ്മ മരിച്ചതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. തലയോട്ടിക്ക് സാരമായി ക്ഷതമേറ്റിരുന്നു. എന്നാല്‍, രക്തം പുരണ്ട കല്ലോ ആയുധങ്ങളോ സംഭവ സ്ഥലത്ത് നിന്ന് കണ്ടെടുത്തിട്ടില്ല

വര്‍ഷങ്ങളായി മെഡിക്കല്‍ കോളേജ് പരിസരത്ത് ലോട്ടറി കച്ചവടം നടത്തി വരികയായിരുന്നു പൊന്നമ്മ.ആഴ്ചയിലൊരിക്കല്‍ മാത്രമാണ് തൃക്കൊടിത്താനത്തെ മകളുടെ വീട്ടിലേക്ക് ഇവര്‍ പോയിരുന്നത്.നാല്‍പ്പതിനായിരും രൂപയും പത്ത് പവനും പൊന്നമ്മയുടെ പക്കലുണ്ടായിരുന്നെന്ന് മകള്‍ പൊലീസിന് മൊഴി നല്‍കി. ഇത് മോഷ്ടിക്കപ്പെട്ടിരിക്കാമെന്നാണ് പൊലീസിന്‍റെ നിഗമനം. പൊന്നമ്മയും ഇവരോടൊപ്പം ലോട്ടറി വിറ്റിരുന്നയാളും തമ്മില്‍ പണത്തെച്ചൊല്ലി തര്‍ക്കമുണ്ടായതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇയാളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. 

18 വര്‍ഷം മുൻപ് കാണാതായ മകൻ സന്തോഷിനെത്തേടിയാണ് പൊന്നമ്മ  മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയത്. പിന്നീട് ലോട്ടറിക്കച്ചവടം നടത്തി അവിടെത്തന്നെ കഴിയാന്‍ തീരുമാനിക്കുകയായിരുന്നു. സന്നദ്ധസംഘടനകള്‍ നല്‍കുന്ന ഭക്ഷണം കഴിച്ചായിരുന്നു പൊന്നമ്മയുടെ ജീവിതം.