കുന്നംകുളം ഭാഗത്തേക്ക് പോവുകയായിരുന്ന യാത്രാ ബസ് അതേ ദിശയിലേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയിലേക്ക് ഇടിച്ച് കയറുകയായിരുന്നു.

പാലക്കാട്: കൂറ്റനാട് ചാലിശ്ശേരി റോഡിൽ വലിയ പള്ളിക്ക് സമീപം ബസ് ഓട്ടോറിക്ഷയിലേക്ക് ഇടിച്ച് കയറിയുണ്ടായ അപകടത്തിൽ ഓട്ടോ യാത്രക്കാരായ ഏഴ് പേർക്ക് പരിക്ക്. വെള്ളിയാഴ്ച വൈകുന്നേരം 6 മണിയോടെ ആയിരുന്നു അപകടം. കുന്നംകുളം ഭാഗത്തേക്ക് പോവുകയായിരുന്ന യാത്രാ ബസ് അതേ ദിശയിലേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയിലേക്ക് ഇടിച്ച് കയറുകയായിരുന്നു.

നിലവിൽ വലിയ പള്ളിക്ക് സമീപം റോഡ് നവീകരണ ജോലികൾ പുരോഗമിക്കുകയാണ്. ഇതിൻ്റെ ഭാഗമായി ഒരു ദിശയിൽ കൂടെ മാത്രമാണ് ഗതാഗതം. ഗതാഗത നിയന്ത്രണത്തിൻ്റെ ഭാഗമായി ഒരു ലൈനിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലേക്കാണ് പുറകിൽ നിന്നും ലൈൻ തെറ്റിച്ചെത്തിയ ബസ് ഇടിച്ച് കയറിയത്. 

ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ മുന്നിലെ കാറിലേക്കും ഇടിച്ച് കയറി. അപകടത്തിൽ മൂന്ന് കുട്ടികൾ ഉൾപ്പടെയുള്ള ഓട്ടോ യാത്രക്കാർക്കാണ് പരിക്കേറ്റത്. കാറിൻ്റെ പിൻവശം തകർന്നെങ്കിലും കാർയാത്രക്കാർക്ക് പരിക്കില്ല. അപകടത്തിൽപെട്ടവരെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ രണ്ട് കുട്ടികളുടെ പരിക്ക് ഗുരുതരമാണ്.

Wayanad Landslide LIVE Update | Asianet News | Malayalam News LIVE | ഏഷ്യാനെറ്റ് ന്യൂസ്