ബസ് ആദ്യമെത്തുന്നതിനായി അമിതവേഗമെടുത്തതോടെ പലകുറി വാഹനം കൂട്ടിയിടിച്ചു. ബസ് ടൗൺ ഹാൾ പരിസരത്ത് വെച്ച് മെട്രോ പില്ലറിലും ഇടിച്ചു.  

കൊച്ചി: കളമശ്ശേരിയിൽ മത്സരയോട്ടം നടത്തിയ നാല് സ്വകാര്യ ബസ് ജീവനക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബസ് ആദ്യമെത്തുന്നതിനായി അമിതവേഗമെടുത്തതോടെ പലകുറി വാഹനം കൂട്ടിയിടിച്ചു. ബസ് ടൗൺ ഹാൾ പരിസരത്ത് വെച്ച് മെട്രോ പില്ലറിലും ഇടിച്ചു.

ഇരു ബസ്സിലെയും ജീവനക്കാർ നടുറോഡിൽ ചേരിതിരിഞ്ഞ് കയ്യാങ്കളിയായി. ഇതോടെ, ബസിലെ യാത്രക്കാർ പെരുവഴിയിലാവുകയായിരുന്നു. നന്ദനം, നജിറാനി എന്നീ ബസ്സുകളാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ആലുവ ഫോർട്ട് കൊച്ചി തേവര റൂട്ടിലോടുന്ന ബസ്സുകളാണ് ഇത്. ബസ്സിലെ ഡ്രൈവർ, കണ്ടക്ടർമാർ ഉൾപ്പടെ നാല് പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

അതിനിടെ, കണ്ണൂര്‍ കൂത്തുപറമ്പ് മെരുവമ്പായിയില്‍ ടവേര കാര്‍ കലുങ്കിനിടിച്ച് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. മട്ടന്നൂര്‍ ഉരുവച്ചാല്‍ മഞ്ചേരി പൊയില്‍ അരവിന്ദാക്ഷന്‍ (65), ചെറുമകന്‍ എട്ട് വയസുകാരനായ ഷാരോണ്‍ എന്നിവരാണ് മരിച്ചത്. പരുക്കേറ്റ എട്ട് പേരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും മട്ടന്നൂരിലേക്ക് മടങ്ങുന്നതിനിടയിലായിരുന്നു അപകടം.