തിരുവനന്തപുരത്ത് എംഡിഎംഎയുമായി യുവാക്കൾ പിടിയിലായ സംഭവത്തിൽ സൂത്രധാരനായ ആനയറ സ്വദേശി വിജയകുമാർ അറസ്റ്റിലായി.

തിരുവനന്തപുരം: ബൈപ്പാസ് ഭാഗത്തിന് സമീപത്തുനിന്ന് എംഡിഎംഎയുമായ യുവാക്കൾ പിടിയിലായ സംഭവത്തിൽ സൂത്രധാരനായ ആനയറ സ്വദേശി വിജയകുമാർ (41)വിഴിഞ്ഞം പൊലീസിന്‍റെ പിടിയിലായി. കേസിലെ ഒന്നാം പ്രതി മുജീബ് റഹ്മാന്‍റെ അറസ്റ്റ് സമയം കൈവശത്തിൽ നിന്നും ലഭിച്ച മൊബൈൽ ഫോൺ രേഖകൾ പിന്തുടർന്നാണ് വിജയകുമാറിനെ പിടികൂടിയത്. ബെംഗളൂരുവിൽ നിന്ന് ട്രെയിൻ മാർഗം നാഗർകോവിലിൽ എത്തിച്ച 49 ഗ്രാം എംഡിഎംഎ, കൂട്ടാളിയായ സഹദിനൊപ്പം രണ്ടാഴ്ച മുമ്പ് സ്കൂട്ടറിൽ കടത്തുന്നതിനിടെ പയറുംമൂട് വെച്ച് ഡാൻസാഫ് സംഘം ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. മയക്കുമരുന്ന് വാങ്ങുന്നതിന് വിജയകുമാർ ബുക്ക് ചെയ്ത് നൽകിയ ബസ് ടിക്കറ്റിലാണ് മുജീബ് റഹ്മാൻ ബെംഗളൂരുവിലേക്ക് പോയത്.

അന്നേദിവസം വൈകുന്നേരം ആനയറ ഭാഗത്ത് വെച്ച് വിജയകുമാർ തന്‍റെ മൊബൈൽ ഫോൺ മുജീബ് റഹ്മാന് കൈമാറിയിരുന്നു. കഴിഞ്ഞ പന്ത്രണ്ടിന് ബെംഗളൂരുവിലെത്തിയ മുജീബ് റഹ്മാന് 23,000 ത്തോളം രൂപ വിജയകുമാർ അയച്ചു നൽകിയതായി പൊലീസ് കണ്ടെത്തി. പിന്നാലെ കഴിഞ്ഞ ദിവസം രാത്രിയോടെ ആനയറ ഭാഗത്തു നിന്നും വിജയകുമാ റിനെ പൊലീസ് വലയിലാക്കുകയായിരുന്നു. കൂടുതൽ പണമിടപാടുകളെ പറ്റി വിശദമായി അന്വേഷണം നടന്നുവരുന്നെന്ന് വിഴിഞ്ഞം പൊലീസ് അറിയിച്ചു.