KL-07-DH-0009 എന്ന നമ്പറാണ് 25 ലക്ഷം രൂപ വിലയുള്ള കാവസാക്കി നിഞ്ച ZX-10R ബൈക്കിനായി ലേലത്തില്‍ പിടിച്ചത്

കൊച്ചി: ഇഷ്ട രജിസ്‌ട്രേഷൻ നമ്പറുകൾക്കായി പണം ചിലവാകുന്ന മലയാളികളുടെ പട്ടികയിലേക്ക് പുതിയ ഒരു അംഗം കൂടി. 25 ലക്ഷം രൂപ വരുന്ന കാവസാക്കി നിഞ്ച ZX-10R സ്വന്തമാക്കി ഇഷ്ട രജിസ്‌ട്രേഷൻ നമ്പറും ലേലത്തിൽ വിളിച്ചെടുത്തിരിക്കുകയാണ് പോഷ്ബൈഡിഎൻ (Poshbydn) എം ഡിയും സി ഇ ഒയുമായ ധീദത്ത്. KL-07-DH-0009 എന്ന ഇഷ്ട നമ്പറാണ് 2.5 ലക്ഷത്തിന് ഇയാൾ സ്വന്തമാക്കിയിരിക്കുന്നത്. എറണാകുളത്താണ് നമ്പർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

സൂപ്പര്‍ ബൈക്കുകളിലെ താരം എന്നറിയപ്പെടുന്ന കാവസാക്കി നിഞ്ച ബൈക്കിന്റെ ട്രാക്ക്-ഫോക്കസ്ഡ് പ്രകടനം, നൂതന റൈഡിംഗ് സാങ്കേതികവിദ്യ, ഐക്കണിക് ഡിസൈൻ എല്ലാം ശ്രദ്ധേയമാണ്. കേരളത്തിൽ വളരെ കുറച്ച് സൂപ്പർബൈക്ക് പ്രേമികൾക്ക് മാത്രമേ ഈ മോഡൽ സ്വന്തമായുള്ളൂ.

ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ കാവസാക്കി 2021 ലാണ് നിഞ്ച ZX-10R അവതരിപ്പിച്ചത്. നിരവധി മാറ്റങ്ങളോടെയാണ് 2021 ൽ കവസാക്കി നിഞ്ച ZX-10R അവതരിപ്പിച്ചത്. മെറ്റാലിക് സ്പാർക്ക് ബ്ലാക്ക് / മെറ്റാലിക് മാറ്റ് കാർബൺ ഗ്രേ, KRT പതിപ്പിൽ ലൈം ഗ്രീൻ / എബോണി / പേൾ ബ്ലിസാർഡ് വൈറ്റ് എന്നി നിറങ്ങളിലാണ് ആദ്യം നിഞ്ച ZX-10R എത്തിയത്. കവസാക്കി കോർണറിംഗ് മാനേജ്‌മെന്റ് ഫംഗ്ഷൻ (KCMF), ബോഷ് IMU, സ്‌പോർട്ട് - കവസാക്കി ട്രാക്ഷൻ കൺട്രോൾ S-KTRC), കവസാക്കി ലോഞ്ച് കൺട്രോൾ മോഡ് (KLCM), കവസാക്കി ഇന്റലിജന്റ് ആന്റി-ലോക്ക് ബ്രേക്ക് സിസ്റ്റം (KIBS) എന്നിവയും മോട്ടോർ ബൈക്കിൽ ഒരുക്കിയിരുന്നു. ഇന്റഗ്രേറ്റഡ് റൈഡിംഗ് മോഡുകളും ഇലക്ട്രോണിക് ക്രൂയിസ് കൺട്രോളും ലഭ്യമാണ്.