ചെലവിന് സ്വർണം പണയംവച്ച് ആശുപത്രിയിലെത്തി, ഓട്ടോയിൽ വച്ച പണം മോഷ്ടിച്ച യുവാവ് അറസ്റ്റിൽ
തിരുവനന്തപുരം: പാറശാല താലൂക്ക് ആശുപത്രിയില്‍ പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയില്‍നിന്ന് 10,000 രൂപ മോഷ്ടിച്ച യുവാവ് അറസ്റ്റില്‍. പാറശ്ശാല കരുമാനൂര്‍ സ്വദേശി മഹേഷാണ് (20) അറസ്റ്റിലായത്. ഒരാഴ്ച മുമ്പ് പാറശ്ശാല താലൂക്ക് ആശുപത്രിയില്‍ രോഗിയെ കാണാനായെത്തിയ പരശുവയ്ക്കല്‍ സ്വദേശിയായ സന്തോഷിന്റെ ഓട്ടോറിക്ഷയില്‍ സൂക്ഷിച്ചിരുന്ന പണമാണ് മോഷ്ടിച്ചത്.
സ്വർണം പണയപ്പെടുത്തി ലഭിച്ച തുകയായിരുന്നു ഇത്. രോഗിയെ കണ്ടശേഷം അരമണിക്കൂറിനുള്ളില്‍ ഓട്ടോയിലെത്തിയപ്പോഴാണ് മോഷണം നടന്നതായി ശ്രദ്ധയിൽപെട്ടത്. തുടര്‍ന്ന് പാറശ്ശാല പൊലീസില്‍ പരാതി നല്കി. സി സി ടി വി പരിശോധന നടത്തിയ ശേഷമാണ് പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്. പിന്നാലെ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Read more: ആശുപത്രിയില്‍ കയറി യുവതിയെ കഴുത്തിന് കുത്തിപ്പിടിച്ച് അതിക്രമം; മൂരി നിശാന്ത് പിടിയിൽ
അതേസമയം, വർക്കല നഗരസഭക്ക് മുന്നിൽനിന്ന് ബൈക്ക് മോഷ്ടിച്ച് കടക്കാൻ ശ്രമിച്ച രണ്ടുപേർ പിടിയിലായി. കഠിനംകുളം ചാന്നാങ്കര തോപ്പിൽ വീട്ടിൽ ഫവാസ് (34), പെരുമാതുറ കൊട്ടാരം തുരുത്തിൽ അങ്ങതിൽ പുത്തൻവീട്ടിൽ സജീബ് (38) എന്നിവരാണ് അറസ്റ്റിലായത്. വ്യാഴാഴ്ച രാത്രി എട്ടരയോടെ നഗരസഭക്ക് മുന്നിലെ ബസ് സ്റ്റോപ്പിന് സമീപം പാർക്ക് ചെയ്തിരുന്ന കൊല്ലം സ്വദേശിയായ യുവാവിന്റെ ബൈക്കാണ് മോഷണം പോയത്.
പൊലീസ് അന്വേഷണത്തിൽ പുത്തൻചന്ത ഭാഗത്തുനിന്നാണ് പ്രതികളെ പിടികൂടിയത്. മദ്യലഹരിയിലായിരുന്ന പ്രതികൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സാഹസികമായി പിടികൂടുകയായിരുന്നു. ബൈക്ക് മോഷ്ടിച്ച ശേഷം പ്രതികൾ നമ്പർ പ്ലേറ്റ് നിരീക്ഷണ കാമറകളിൽ പതിയാത്ത വിധത്തിൽ മറച്ചുവെച്ചിരുന്നതായി പൊലീസ് പറഞ്ഞു. പിടിയിലായ ഫവാസിനെതിരെ വധശ്രമത്തിനും ആംഡ് ആക്ട് പ്രകാരവും കഠിനംകുളം സ്റ്റേഷനിൽ കേസുണ്ട്. അറസ്റ്റിലായ പ്രതികളെ റിമാൻഡ് ചെയ്തു.
