Asianet News MalayalamAsianet News Malayalam

പാകം ചെയ്യുന്നിടത്ത് നായകളും പൂച്ചകളും കാക്കകളും, വൃത്തിഹീനം, വനിത-ശിശു ആശുപത്രി കാന്റീൻ പൂട്ടിച്ചു

ജില്ലയിൽ ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട് ഭക്ഷ്യസുരക്ഷാവിഭാഗം നടത്തിവരുന്ന പരിശോധനയിൽ കടപ്പുറത്തെ വനിത-ശിശു ആശുപത്രി കാന്റീൻ പൂട്ടിച്ചു. 

canteen of Katappuram Women and Children s Hospital  closed by  Food Safety Department
Author
First Published Jan 14, 2023, 6:21 PM IST

ആലപ്പുഴ: ജില്ലയിൽ ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട് ഭക്ഷ്യസുരക്ഷാവിഭാഗം നടത്തിവരുന്ന പരിശോധനയിൽ കടപ്പുറത്തെ വനിത-ശിശു ആശുപത്രി കാന്റീൻ പൂട്ടിച്ചു. കുട്ടികളും ഗർഭിണികളുമടങ്ങുന്നവർ കഴിക്കുന്ന ഭക്ഷണം വൃത്തിഹീനമായ സാഹചര്യത്തിൽ പാകംചെയ്യുന്നതായി പരാതി ലഭിച്ചതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കാന്റീൻ പൂട്ടിച്ചത്.

പരിശോധനയിൽ ഭക്ഷണം പാകംചെയ്യുന്നതും ഭക്ഷണപദാർഥങ്ങൾ സൂക്ഷിക്കുന്നതുമടക്കം വൃത്തിയില്ലാത്ത സാഹചര്യത്തിലാണെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തി. ഭക്ഷണം പാകംചെയ്യുന്നിടത്തും പാത്രം കഴുകുന്നിടത്തുമെല്ലാം നായ്ക്കൾ, പൂച്ചകൾ, കാക്കകൾ, മറ്റു പക്ഷികൾ അടക്കമുള്ളവയെ കണ്ടെത്തി. തുടർന്നു കാന്റീൻ താത്കാലികമായി പൂട്ടുന്നതിനും പിഴയടയ്ക്കുന്നതിനും നോട്ടീസ് നൽകി. 

ജില്ലയിൽ 17 സ്ഥാപനങ്ങളിലാണ് വെള്ളിയാഴ്ച പരിശോധന നടത്തിയത്. മുട്ടം അൽവാസ് ബേക്കറി, എച്ച് ആൻഡ് എച്ച് വെജിറ്റബിൾ ഷോപ്പ് എന്നീ സ്ഥാപനങ്ങളും ലൈസൻസ് ഇല്ലാത്തത്തിനു പൂട്ടിച്ചു. ഒൻപതു സ്ഥാപനങ്ങൾക്കു നോട്ടീസ് നൽകി. അറ്റകുറ്റപ്പണി നടത്തി പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന് മൂന്നു സ്ഥാപനങ്ങൾക്കു നോട്ടീസ് നൽകി.

Read more: പക്ഷിപ്പനി : സര്‍ക്കാര്‍ പൗള്‍ട്രി ഫാമിലെ കോഴികളെ കൊന്നൊടുക്കി, ഡോക്ടറുള്‍പ്പെടെ 14 ജീവനക്കാര്‍ ക്വാറന്‍റൈനിൽ

കോട്ടയത്ത് ഭക്ഷ്യവിഷബാധയെ തുടർന്ന് യുവതി മരിക്കാനിടയായ സംഭവത്തിന് പിന്നാലെ സംസ്ഥാനത്തെ ഹോട്ടലുകളിൽ വ്യാപക പരിശോധന തുടരുകയാണ്. 429 ഓളം ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ വ്യത്തിഹീനമായ രീതിയിൽ പ്രവർത്തിച്ച 22 കടകൾ അടപ്പിച്ചു. 21 സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കി. 86 കടകൾക്ക് നോട്ടീസ് നൽകി. 52 കടകൾക്ക് നിലവാരം മെച്ചപ്പെടുത്തണമെന്നാവശ്യപ്പെട്ടാണ് ഭക്ഷ്യ സുരക്ഷാ വിഭാഗം നോട്ടീസ് നൽകിയത്. തലസ്ഥാനത്ത് വ്യത്തിഹീനമായ രീതിയിൽ പ്രവർത്തിച്ച 8 ഹോട്ടലുകൾ അടപ്പിച്ചു. 3 ഹോട്ടലുകളുടെ ലൈസൻസ് റദ്ദാക്കി. മലപ്പുറത്ത് എട്ട് ഹോട്ടലുകളുടെ ലൈസൻസ് റദ്ദാക്കി. 

തൃശൂരിൽ ഭക്ഷ്യ സുരക്ഷാ വിഭാഗം രണ്ട് സ്ക്വാഡുകളായി തിരിഞ്ഞ് 21 ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്. തൃശൂർ നഗര പ്രദേശത്തിനൊപ്പം പുതുക്കാട്, നാട്ടിക എന്നിവിടങ്ങളിലായി 21 ഹോട്ടലുകളിലാണ് പരിശോധന നടന്നത്. വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം പാകം ചെയ്ത നാല് ഹോട്ടലുകൾക്ക് നോട്ടീസ് നൽകി. ഹോട്ടലുടമകളോട് ഭക്ഷ്യസുരക്ഷാ വിഭാഗം അസിസ്റ്റന്റ് കമ്മീഷണർക്ക് മുന്നിൽ ഹാജരാകാനും നിർദ്ദേശം നൽകി. അതിന് ശേഷമാവും പിഴ തുക തീരുമാനിക്കുക. 

Follow Us:
Download App:
  • android
  • ios