നെല്ലിക്കാപറമ്പ് സ്വദേശിയായ അഹമ്മദ് കുട്ടിക്കാണ് റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റത്. രണ്ട് കാലുകൾക്കും ഗുരുതരമായി പരിക്കേറ്റ വയോധികൻ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
കോഴിക്കോട്: മുക്കം നെല്ലിക്കാപറമ്പിൽ വയോധികനെ കാറിടിച്ച് പരിക്കേല്പിച്ച ശേഷം നിർത്താതെ പോയ വാഹനം മുക്കം പൊലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറം കീഴുപറമ്പിൽ നിന്നാണ് കാറും ഡ്രൈവറെയും പൊലീസ് കണ്ടെത്തിയത്. നെല്ലിക്കാപറമ്പ് സ്വദേശിയായ അഹമ്മദ് കുട്ടിക്കാണ് റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റത്. രണ്ട് കാലുകൾക്കും ഗുരുതരമായി പരിക്കേറ്റ അഹമ്മദ് കുട്ടി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
അപകടത്തിനുശേഷം നിർത്താതെ പാഞ്ഞുപോയ കാറിനായി പ്രദേശത്തെ നിരവധിയായ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് ഊർജ്ജിത തിരച്ചിൽ നടത്തിവരികയായിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ നിന്ന ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ മലപ്പുറം കീഴുപറമ്പിൽ നിന്നുമാണ് വാഹനം തിരിച്ചറിഞ്ഞതും ഡ്രൈവറെ കസ്റ്റഡിയിലെടുത്തതും. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരുന്നു.


