തിരുവനന്തപുരം: തിരുവനന്തപുരത്ത് വെള്ളയാണി കായലിൽ കാർ മുങ്ങി താണു. ബുധനാഴ്ച രാവിലെ ഒന്‍പത് മണിയോടെയാണ് സംഭവം. വെള്ളയാണി കാർഷിക കോളേജിനു സമീപത്താണ് കാർ കായലിൽ മുങ്ങി താണത്. കരിങ്കുളം സ്വദേശിയായ രാജേന്ദ്രൻറെ കാറാണ് അപകടത്തില്‍പ്പെട്ടത്. കായലിനു സമീപത്തു മൽസ്യം വാങ്ങാനായി എത്തിയതായിരുന്നു ഇദ്ദേഹം. വാഹനം നിര്‍ത്തിയ ശേഷം  ഇറങ്ങിയതിന് പിന്നാലെ കാർ  തനിയെ ഉരുണ്ടു നീങ്ങി കായലിൽ താഴുകയായിരുന്നു. 

കാറിനുള്ളിലും പുറത്തും മറ്റാരും ഇല്ലാതിരുന്നതുകൊണ്ട് ആളപായമുണ്ടായില്ല. ചരിഞ്ഞ പ്രദേശത്തു ഗീയറും ഹാൻഡ് ബ്രേക്കും ഇടാതെ നിറുത്തിയിരുന്നതോ, ന്യൂട്ടറിലായിരുന്ന കാറിന്‍റെ ഹാൻഡ് ബ്രെക്ക് തനിയെ പിടിത്തം വിട്ടതോ കാരണമോ ആണ് അപകടം സംഭവിച്ചതെന്നാണ് പ്രഥമീക നിഗമനം. സംഭവം നടന്ന ഉടനെ വിഴിഞ്ഞത്തു നിന്നും അഗ്നിരക്ഷാ സേന അംഗങ്ങൾ എത്തി വാഹനം പുറത്തെടുത്തു. രണ്ടു മണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ക്രെയിൻ ഉപയോഗിച്ചു കാർ കരയ്ക്ക് എത്തിച്ചത്.

അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ടി കെ  രവീന്ദ്രൻ, സീനിയർ ഫയർ ആൻഡ് റെസ്‌ക്യു ഓഫീസർ  രാജശേഖരൻ നായർ,  ഫയർ ആൻഡ് റെസ്‌ക്യു ഓഫീസർ അഭിലാഷ്, സജീഷ് ജോണ്, മോഹനൻ,  ഡ്രൈവർ ബിജിൽ ഹോം ഗാർഡ്  ഗോപകുമാർ, സുനിൽ എന്നിവരാണ് കാർ കായലില്‍ നിന്നും പൊക്കിയെടുത്തത്ത്. നേമം പൊലീസും സ്ഥലത്തെത്തിയിരുന്നു.