മലപ്പുറം - കോഴിക്കോട് ജില്ലാ അതിര്‍ത്തികള്‍ പങ്കിടുന്ന, വിനോദ സഞ്ചാര കേന്ദ്രമായ കക്കാടംപൊയിലിലേക്കുള്ള പ്രധാന പാതയാണിത്. 34 വര്‍ഷത്തെ പഴക്കമുണ്ടെങ്കിലും ആവശ്യത്തിന് വീതിയില്ലാത്തതും കൈവരികള്‍ സ്ഥാപിക്കാത്തതും ഇതുവഴിയുള്ള യാത്ര അപകടം നിറഞ്ഞതാക്കുന്നു.

കോഴിക്കോട്: മലപ്പുറം - കോഴിക്കോട് ജില്ലാ അതിര്‍ത്തിയിലെ, അപകടം പതിയിരിക്കുന്ന പനമ്പിലാവ് പാലത്തില്‍ നിന്ന് കാര്‍ പുഴയിലേക്ക് മറിഞ്ഞു. യാത്രക്കാര്‍ പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. കക്കാടംപൊയിലിലെ വിനോദ സഞ്ചാര കേന്ദ്രത്തിലെത്തിയ മലപ്പുറം കടുങ്ങല്ലൂര്‍ സ്വദേശികള്‍ സഞ്ചരിച്ച ടാറ്റ ഇവി കാറാണ് അപകടത്തില്‍പ്പെട്ടത്. കാര്‍ പുഴയിലേക്ക് തലകീഴായി മറിയുകയായിരുന്നു.

മലപ്പുറം - കോഴിക്കോട് ജില്ലാ അതിര്‍ത്തികള്‍ പങ്കിടുന്ന, വിനോദ സഞ്ചാര കേന്ദ്രമായ കക്കാടംപൊയിലിലേക്കുള്ള പ്രധാന പാതയാണിത്. 34 വര്‍ഷത്തെ പഴക്കമുണ്ടെങ്കിലും ആവശ്യത്തിന് വീതിയില്ലാത്തതും കൈവരികള്‍ സ്ഥാപിക്കാത്തതും ഇതുവഴിയുള്ള യാത്ര അപകടം നിറഞ്ഞതാക്കുന്നു. സ്‌കൂള്‍ ബസ്സുകളും സ്വകാര്യ ബസ്സുകളും ഉള്‍പ്പെടെ നിരവധി വാഹനങ്ങളാണ് അനുദിനം ഇതിലൂടെ കടന്നുപോകുന്നത്. ഇതിനോടകം തന്നെ നിരവധി അപകടങ്ങള്‍ ഇവിടെ സംഭവിച്ചിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.

ആളുകളുടെ ജീവന്‍ നഷ്ടമാകുന്നതു വരെ കാത്തിരിക്കരുതെന്നും പാലം വീതി കൂട്ടി ബലപ്പെടുത്തി കൈവരികള്‍ സ്ഥാപിക്കാനുള്ള തങ്ങളുടെ വര്‍ഷങ്ങളായുള്ള അഭ്യര്‍ത്ഥന ഇനിയെങ്കിലും അധികൃതര്‍ നടപ്പിലാക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. അപകടത്തില്‍പ്പെട്ട കാര്‍ ക്രെയിന്‍ ഉപയോഗിച്ച് പുഴയില്‍ നിന്ന് ഉയര്‍ത്തിയെടുത്തു.