പണി തകൃതിയാണെങ്കിലും വലിയ കുഴിക്ക് ചുറ്റും കയറുകൊണ്ട് പോലും കെട്ടി വെച്ചിട്ടില്ല. പെട്ടന്ന് കാണുന്നിടത്ത് മുന്നറിയിപ്പ് ബോർഡുമില്ല. റോഡ് നിരപ്പിൽ നിന്ന് 10 അടി താഴ്ത്തിയാണ് പുതിയ തട്ട് വാർത്തിരിക്കുന്നത്. 

കൊച്ചി: മുല്ലശ്ശേരി കനാൽ റോഡിൽ കാനയുടെ ആഴം കൂട്ടാൻ കുഴിച്ച കുഴിയിലേക്ക് വാഹനം മറിഞ്ഞ് അപകടം. കുട്ടികളടക്കം സഞ്ചരിച്ച കാർ പൂർണമായും ചരിഞ്ഞെങ്കിലും ആളപായമുണ്ടായില്ല. കൃത്യമായ മുന്നറിയിപ്പ് നൽകാത്തതാണ് അപകടകാരണമെന്നാണ് നാട്ടുകാരുടെ ആരോപണം.

ഓപ്പറേഷൻ ബ്രേക്ക് ത്രൂ പദ്ധതിയുടെ ഭാഗമായുള്ള മുല്ലശ്ശേരി കനാൽ നവീകരണം തുടങ്ങിയിട്ട് മാസം ഒന്നായി. ആറുമീറ്റർ നീളത്തിൽ കനാൽ പൊളിച്ച് ആഴവും വീതിയും കൂട്ടുന്ന 10 കോടി രൂപയുടെ നിർമാണമാണ് നടക്കുന്നത്. പണി തകൃതിയാണെങ്കിലും വലിയ കുഴിക്ക് ചുറ്റും കയറുകൊണ്ട് പോലും കെട്ടി വെച്ചിട്ടില്ല. പെട്ടന്ന് കാണുന്നിടത്ത് മുന്നറിയിപ്പ് ബോർഡുമില്ല. റോഡ് നിരപ്പിൽ നിന്ന് 10 അടി താഴ്ത്തിയാണ് പുതിയ തട്ട് വാർത്തിരിക്കുന്നത്. ഇരുട്ടിൽ നടന്ന് വരുന്നവർ വരെ വീണുപോകാവുന്ന, വീണാൽ വലിയ അപകടമുണ്ടായേക്കാവുന്ന കുഴിയാണിത്. ഇതിലേക്കാണ് സ്വകാര്യ ആശുപത്രിയിലെ ഡോക്ടറും കൊച്ചുമക്കളും സഞ്ചരിച്ച കാർ മറിഞ്ഞത്. 

നേരത്തെ പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപം ജല അതോറിറ്റി കുഴിച്ച കുഴിയിൽ വീണ് യുവാവ് മരിച്ചിരുന്നു. നഗരത്തിൽ വെള്ളക്കെട്ടിന് കാരണമാവുന്ന കനാൽ നിർമാണത്തിലെ അപാകത പരിഹരിക്കുന്നത് പ്രധാനമാണെങ്കിലും അപകടമുണ്ടാക്കാത്ത വിധം മുന്നൊരുക്കമെടുക്കേണ്ടത് അനിവാര്യമാണ്.