Asianet News MalayalamAsianet News Malayalam

ഗൂഗിള്‍ മാപ്പ് വഴികാണിച്ചത് പടിക്കെട്ടുകളിലൂടെ! വിനോദ സഞ്ചാരികളുടെ കാര്‍ തിരിച്ചുകയറ്റാന്‍ ക്രെയിന്‍ എത്തിച്ചു

ചെറിയൊരു റോഡിന്റെ വീതിയുണ്ടായിരുന്ന നടപ്പാതയിലൂടെ യുവാക്കള്‍ പാതിരാത്രി കാര്‍ ഓടിക്കുകയായിരുന്നു. ബീച്ചിലേക്കുള്ള വഴി ഗൂഗിള്‍ മാപ്പില്‍ നോക്കിയാണ് വാഹനം ഓടിച്ചതെന്ന് ഇവര്‍ പറയുന്നു.

car trapped on steps in walkway tourists say they followed google map and all attempts to get back failed afe
Author
First Published Sep 13, 2023, 4:05 PM IST

തിരുവനന്തപുരം: ഗൂഗിൽ മാപ് ചതിച്ചു. വര്‍ക്കല പാപനാശം ബീച്ചിന് സമീപം വിനോദ സഞ്ചാരികൾ വന്ന കാർ പടികെട്ടിൽ കുടുങ്ങി. വർക്കല ഹെലിപ്പാഡിന് സമീപത്തെ പ്രകൃതി ചികിത്സ കേന്ദ്രത്തിന് മുന്നിലെ റോഡിലൂടെ മുന്നോട്ടുപോയ കാറാണ് അപകടത്തിൽപെട്ടത്. ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. 

തിരുവനന്തപുരം കഴക്കൂട്ടം സ്വദേശികളായ യുവാക്കൾ സഞ്ചരിച്ച കാർ പ്രകൃതി ചികിത്സ കേന്ദ്രത്തിന് മുന്നിലെ ചെറിയ ഇടറോഡിലൂടെ പോകുമ്പോഴാണ് അപകടമുണ്ടായത്. ഹെലിപാഡിൽനിന്ന് ബീച്ചിലേക്ക് പോകാനായി ഗൂഗ്ൾ മാപ് നോക്കിയാണ് യുവാക്കൾ ഇടറോഡിലൂടെ കാർ ഓടിച്ചുപോയത്. റോഡിന് സമാനമായ വീതിയുണ്ടായിരുന്നെങ്കിലും ഇത് നടപ്പാതയാണെന്ന് യുവാക്കള്‍ അറിഞ്ഞിരുന്നില്ല. ബീച്ചിന് മുന്നിൽ റോഡ് അവസാനിക്കുന്നിടത്ത് പടിക്കെട്ടുകൾ ഉണ്ടായിരുന്നു. 

ഇറക്കം ഇറങ്ങിച്ചെന്ന കാർ പടിക്കെട്ടുകളിൽ കുടുങ്ങിനിന്നു. ആർക്കും അപകടമുണ്ടായില്ല. തടിയും കല്ലുകളും ഉപയോഗിച്ച് യുവാക്കൾ കാർ മുകളിലേക്ക് കയറ്റാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പിന്നീട് തിരുവനന്തപുരത്തുനിന്ന് ക്രെയിൻ എത്തിച്ചാണ് കാർ തിരികെ റോഡിലേക്ക് കയറ്റിയത്. രാത്രിയിൽ റോഡിൽ സൈൻ ബോർഡുകളും ലൈറ്റുകളും ഇല്ലാത്തതാണ് അപകടത്തിന് വഴിതെളിച്ചതെന്ന് യുവാക്കൾ പറയുന്നു.

Read also: അമ്മയുടെ വിവാഹത്തിന് ഹൃദയത്തില്‍ തൊടുന്ന വാക്കുകളോടെ രണ്ടാനച്ഛനെ സ്വാഗതം ചെയ്യുന്ന മകന്‍; വൈറല്‍ വീഡിയോ !

ഗൂഗിളിന്‍റെ മാപ്പ് സേവനം നിരവധി തവണ വഴി തെറ്റിച്ച അനുഭവങ്ങള്‍ പലര്‍ക്കും ഉണ്ടായിട്ടുണ്ട്. എന്നാല്‍ അതേ ഗൂഗിളിന്‍റെ ഭാഷാ സേവനമായ ഗൂഗിള്‍ ട്രാന്‍സ്ലേറ്റ് വയോധികയ്ക്ക് രക്ഷയായ കാഴ്ച  ഉത്തരാഖണ്ഡിലെ കേദാര്‍ നാഥില്‍ നിന്ന് ആഴ്ചകള്‍ക്ക് മുമ്പ് പുറത്തു വന്നിരുന്നു. തീര്‍ത്ഥാടനത്തിനെത്തി ബന്ധുക്കളില്‍ നിന്ന് കൂട്ടം തെറ്റിപ്പോയ 68കാരിക്ക് തുണയായി ഗൂഗിള്‍ ട്രാന്‍സ്ലേറ്റ്. 

തെലുഗ് സംസാരിക്കുന്ന 68കാരിയെ ചൊവ്വാഴ്ച രാത്രിയാണ് ഗൌരികുണ്ടിലെ ഒരു പാര്‍ക്കിംഗ് ലോട്ടില്‍ പൊലീസ് കണ്ടെത്തുന്നത്. ഹിന്ദിയിലോ ഇംഗ്ലീഷിലോ സംസാരിക്കാനാവാതെ ആശയക്കുഴപ്പത്തിലായി സമ്മര്‍ദ്ദത്തിന് അടിപ്പെട്ട സ്ഥിതിയിലായിരുന്നു വയോധിക ഉണ്ടായിരുന്നത്. അടയാളങ്ങളും ആംഗ്യ ഭാഷ ഉപയോഗിച്ചും പൊലീസിനോട് കാര്യം പറയാന്‍ ശ്രമിച്ചെങ്കിലും പൊലീസിനും കാര്യം ഗ്രഹിച്ചെടുക്കാനാവാതെ വന്നതോടെയാണ് ഗൂഗിള്‍ സഹായവുമായെത്തിയത്. 68കാരി സംസാരിക്കുന്നതെന്തെന്ന് ഗൂഗിള്‍ ട്രാന്‍സ്ലേറ്റിന്‍റെ സഹായത്തോടെ പൊലീസുകാര്‍ മനസിലാക്കുകയായിരുന്നു. 

വയോധിക നല്കിയ ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ട പൊലീസ് വയോധികയുടെ ബന്ധുക്കളെ കണ്ടെത്തുകയായിരുന്നു. സോന്‍പ്രയാഗിലെത്തിയ ബന്ധുക്കള്‍ ഒപ്പം വയോധികയെ കണ്ടെത്താനാവാതെ പൊലീസ് ഔട്ട് പോസ്റ്റില്‍ കാത്തിരിക്കുമ്പോഴാണ് ഗൌരികുണ്ടില്‍ നിന്ന് പൊലീസുകാരുടെ അറിയിപ്പ് എത്തുന്നത്. വയോധികയെ സോനപ്രയാഗിലെത്തിക്കാന്‍ പ്രത്യേക വാഹനം നല്‍കിയ പൊലീസ് ബന്ധുക്കളുടെ അടുത്ത് വയോധികയെ ഏല്‍പ്പിച്ച ശേഷമാണ് മടങ്ങിയത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios